മഹാവിഷ്ണുവിന് പരമശിവനില്‍ പിറക്കുന്ന പുത്രന്‍ ഈസ് ദ ഒണ്‍ലി ഒണ്‍ കാന്‍ കില്‍ മീ ന്ന് വരം നേടിയപോള്‍, മഹിഷി താന്‍ തികച്ചും സൈഫ് സൈഡിലായെന്ന് കരുതിയതാണ്....
എന്നിട്ടെന്തായി? ഓപ്പറേഷന്‍ മഹിഷി (മഹിഷി നിഗ്രഹം) എന്ന ഒറ്റ ഉദ്ദേശത്തോടെ കലിയുഗവരഥന്‍ ശ്രീ അയ്യപ്പന്‍ ജന്മംകൊണ്ടു.
പലാഴികടയല്‍, മോഹിനിരൂപം, മഹാവിഷ്ണുവിന്‍റെ ടെംപ്‌റ്റെഷന്‍, അങ്ങനെതുടങ്ങി പന്തളം രാജാവിന് കാട്ടില്‍ പോകാന്‍ കണ്ട നേരം, ഇളയമ്മയുടെ വയറുവേദന ഒടുക്കം വൈദ്യന്‍ കല്‍പ്പിച്ച പുലിപ്പാല്‍ ഈവക സംഭവബഹുലാദികളൊക്കെ തന്നെ ഓപ്പറേഷന്‍ മഹിഷി എന്ന ഒറ്റ ലക്ഷ്യത്തിലേക്കുള്ള മുന്നൊരുക്കങ്ങളായിരുന്നു.
ഇനിയിപ്പോ ഈ പറഞ്ഞതിന്‍റെ കോണ്‍ട്രാറി, ശ്രീമതി മഹിഷിയെ സൃഷ്ടിച്ചത് + അവരുടെ അണ്‍ എത്തിക്കല്‍, ഇല്ലീഗല്‍ പരിപാടീസ് + അവര്‍ നേടിയ അപൂര്വ്വങ്ങളില്‍ അപൂര്‍വ്വമായ വരം, ഇവയെല്ലാം സ്വാമി അയ്യപ്പന്‍റെ അവതാരപ്രവേശത്തിന് വേണ്ട കാരണങ്ങള്‍ എന്ന നിലക്ക് സൃഷ്ടിക്കപ്പെട്ടതായിരുന്നോ?
ആ... എന്തുതന്നെ ആയാലും ശ്രീ മണികണ്ടന്‍ ജന്മമെടുത്തു. ബാല്യകാലം പന്തളം കൊട്ടാരത്തില്‍ സുഖകരമായി കഴിഞ്ഞുപോയി. അയ്യപ്പന് ഒരനുജന്‍ പിറന്നു. അതോടെ കഥയില്‍ കാര്യമായ വഴിത്തിരുവുണ്ടായി.. ഇളയമ്മക്ക് വയറുവേദന കലശലായി...കൂടിയ ഇനം വേദനയാണ്, പുലിപ്പാല്‍ തന്നെ വേണം..
അങ്ങനെ സ്വാമി അയ്യപ്പന്‍ പുലിപ്പാലിനായി കാട്ടിലേക്ക്...പോകും വഴി ഓപ്പറേഷന്‍ മഹിഷി സക്സ്സസ്. മഹിഷി അയ്യപ്പനാല്‍ നിഗ്രഹിക്കപെട്ടു.ശേഷം അയ്യപ്പന് പുലിയെകണ്ടു, ആഗമന ഉദ്ദേശം അറിയിച്ചു, പാല് കറന്നു കൊടുത്തുവിട്ടാല്‍ പന്തളത്തെത്തുമ്പോഴേക്കും പിരിഞ്ഞു പോയാലോന്ന് കരുതീട്ടാവണം പുലി കൂടെ പോരാന്‍ വില്ലിങ്ങായി
പിന്നൊരു വരവായിരുന്നു, അയ്യപ്പന്‍ പുലിപുറത്തേറി, വലത്തും ഇടത്തും പുറകിലും ഒക്കെയായി പിന്നെയും പുലികള്‍. പക്ഷെ ഞാന്‍ കണ്ട അയ്യപ്പന്‍ പുലി പടങ്ങളിലെ പുലികളൊന്നും പുലികളായിരുന്നില്ല, മറിച്ച് അവയെല്ലാം നല്ല ഒന്നാംതരം കടുവകളായിരുന്നു. മുഖത്തും ശരീരമാകെയുംകറുത്തരേഖകള്‍. തിളങ്ങുന്ന സ്വര്‍ണ്ണവര്‍ണ്ണത്തിന് മീതെ കറുത്ത നീളന്‍ വരകള്‍ നല്ല അസ്സല് ബംഗാള്‍ കടുവകള്‍.
കുട്ടിക്കാലത്ത് ഇതെന്നെ കുറെ കുഴക്കിയിട്ടുണ്ട്, അയ്യപ്പന്‍ പുലിവാഹനന്‍ ആയതു കൊണ്ട് പടങ്ങളില്‍ അദ്ദേഹം മുകളില്‍ കയറി ഇരുന്നു വരുന്ന ആ ജീവിയാണ് പുലി എന്ന് ഞാനങ്ങ് കരുതി. അതായതു കടുവയെ ഞാന്‍ പുലി ആയി കരുതി, സ്വാഭാവികമായി തിരിച്ചു പുലിയെ കടുവയായും.
ഇതെന്നെ കുട്ടികാലത്ത് കുറെ കുഴക്കി, എരുമക്ക് പോത്ത് എന്നപോൽ പുലിക്കു കടുവ, അങ്ങനെ ഓപ്പോസിറ്റ് ജേന്റെർ ആണോ ഇവരണ്ടും എന്നുവരെ സംശയിച്ചു. നമ്മുടെ ദേശീയ മൃഗം ഒക്കെ കപ്ലീറ്റ് കണ്‍ഫ്യൂഷന് ആയി, ആ വക ചില്ലറ തല്ലും സ്കൂളീന് കിട്ടി തുടങ്ങി.ഒടുക്കം മനസില്ലാ മനസോടെ തിരിച്ചറിഞ്ഞു , കലിയുഗവരധന് ശ്രീ അയ്യപ്പൻ കയറിയിരുന്നു വരുന്നത് പുലിപ്പുറത്തല്ല മറിച്ചു കടുവാപുറത്ത് ആണ് .
വൈദ്യൻ കല്പ്പിച്ചതും അയ്യപ്പൻ തേടി പോയതും പുലിപ്പാലാണ്, എന്തായാലും കക്ഷിക്ക് മാറി പോയതാകാന്‍ വഴിയില്ല. അപ്പോപിന്നെ വരക്കുന്നപടത്തിന് ഒരു ഗുമ്മുകിട്ടാന്‍ (ഗാംഭീര്യംകിട്ടാന്‍) ചിത്രകാരന്‍ ചെയ്ത പണി ആയിരിക്കുമോ?
എന്തായാലും അതൊന്നറിഞ്ഞിട്ടുതന്നെ കാര്യം, ഞാൻ അന്വേഷിച്ചു കൊണ്ടേയിരുന്നു. ശബരിമലയില്‍ പോകുന്നവരോട് ചോദിച്ചു. അവരെല്ലാം സ്വാമി ശരണം എന്ന് മറുപടി പറഞ്ഞു.
അങ്ങനെയിരുന്നപ്പോഴാണ് ഒരു ദിവസം ഒരു കാര്യം ശ്രദ്ധിക്കുന്നത് , ഈ തമിഴ് പുലികളെ ഇംഗ്ലീഷില്‍ പറയുന്നത് തമിള്‍ ടൈഗര്‍ എന്നാണത്രെ. തമിള്‍ പുലികളുടെ സിംബലില്‍ ഉള്ളതും പുലിയല്ല മറിച്ച് കടുവയാണ്. അപ്പൊ അതാണ് കാര്യം, നമ്മുടെ കടുവ തമിഴന്‍മാര്‍ക്ക് പുലിയാണ്. അവര്‍ നമ്മുടെ കടുവയെ ആണ് പുലി എന്ന് വിളിക്കുന്നത് എന്ന്. അവിടെ പുലിയെ വിളിക്കുന്നത് ചിരുത്തെ എന്നാണ്. പണ്ട് നമ്മുടെ നാട്ടിലേക്ക് കലണ്ടറും മറ്റു കളര്‍ പടങ്ങളും ഒക്കെ അച്ചടിച്ച് വന്നിരുന്നത് തമിഴ്നാട്ടിലെ ശിവകാശിയില്‍ നിന്നാണ്, അവിടെ ഏതൊ തമിഴന്‍ ചിത്രകാരന്‍ വരച്ച പടമാണ് പുലി പുറത്തേറിയ അയ്യപനും ടീമും. അവരുടെ പുലി നമ്മുടെ കടുവ ആയതിനാല്‍ തമിഴ് വേര്‍ഷനില്‍ ആ ചിത്രം കറക്ടാണ്.
അപ്പൊ അതാണ് കാര്യം അച്ചടിക്കാന്‍ ശിവകാശി വരെ എന്നതൊക്കെ പണ്ടത്തെ കഥ.ഇന്ന് നമുടെ നാട്ടിലുമുണ്ട് മുക്കിനു മുക്കിനു കളര്‍ പ്രസ്സുകള്‍, എന്നാലും ആ വരകളില്‍ നീളന്‍ കറുത്ത രേഖകള്‍ മാറി പുള്ളിക്കുത്തുകള്‍ വരാന്‍ വിദൂരതയില്‍ പോലും സാധ്യത ഇല്ല. ഇനി വരയ്ക്കപ്പെടുന്ന മലയാളികള്‍ക്കായുള്ള അയ്യപ്പന്‍ പുലി പടങ്ങളിലും പുലി കുറുകേ നീളന്‍ വരകളോടെ കടുവയായി തന്നെ തുടരും, കാരണം ഭക്തന്റെ മനസ്സില്‍ പതിഞ്ഞത് അതാണ്.
അല്ലെങ്കിലിപ്പോ എന്തിനു മാറണം, പുലിയും കടുവുമെല്ലാം ഒറ്റ ഫാമിലി. കടുവക്കും പാലുണ്ട്, പോരാത്തതിന് കാടുവിട്ടു നാട്ടിലെക്കെങ്ങാനിറങ്ങിയാല്‍ രണ്ടിനേം തല്ലിക്കൊല്ലും.