Tuesday, March 30, 2010

പുളിമരവും കിണറുംപുളിമരവും കിണറും അവക്കിടയിലൂടെ ദൂരെ ഒരു സർവ്വെകല്ലിൽ അവസാനിക്കുന്ന ഒരു അതിരും. രണ്ടും രണ്ടുപേരുടെ വസ്തുവിൽ ആണ്. ഇതിൽ കിണറാണ് ഞങ്ങളുടെത്. കിണറിനടുത്തായി അതിരിനപ്പുറത്ത് വളർന്ന് പടർന്ന് പന്തലിച്ചു നിൽക്കുകയാണ് പുളിമരം. പുളിമരം നിൽക്കുന്ന പുരയിടം ഒരു എക്സർവ്വീസ് മിലിട്ടറി അങ്കിളിന്റെതാണ്. ഞങ്ങളുടെ വീടിന് കുറച്ചകലെ ആയാണ് പുള്ളിക്കാരന്റെ താമസം.

ഞാനദ്യമായി കാക്കയെ കാണുന്നത് ആ പുളിമരത്തിൽ ആണ്. ഇത് തികച്ചും ശരിയായി കൊള്ളണമെന്നില്ല. എങ്കിലും എന്റെ ഓർമ്മയിൽ അങ്ങിനെയാണ്. പണ്ട് ബാലരമ, പൂമ്പാറ്റ, ആദിയായ സാധനങ്ങൾ വായിച്ചുതീർക്കുന്നത് ആ പുളിമരത്തിന്റെ കോമ്പിൽ കയറി യിരുന്നാണ്. പലജാതികിളികൾ ഇടക്കിടെ വിരുന്നു വരുന്ന ആ മരവും അതിന്റെ ചില്ലകളും തണലും ഒക്കെ കുട്ടിക്കാലത്ത് ഇഷ്ടമുള്ളകോണുകളിൽ ഒന്നായിരുന്നു.

കുട്ടിക്കാലത്തെ ഇഷ്ടം വളർന്നപ്പോൾ എന്തുകോണ്ടോ ആ മരത്തോട് ഇല്ലാതായി. കേവലം അയല്പക്കകാരന്റെ വസ്തുവിൽ ഉള്ള ഒരു വലിയ മരം എന്നതു മാത്രം ആയി. ഒരു വഴിതർക്കത്തെ തുടർന്ന് പുളിമരത്തിന്റെ ഉടമസ്തനായ എക്സർവ്വീസ് മിലിട്ടറി അങ്കിളിനോട് ഉണ്ടായ നീരസം, വീട്ടിലെല്ലാവർക്കും പുളിമരത്തോട് അതുവരെ ഉണ്ടായിരുന്ന സമീപനത്തിൽ നിന്ന് കാര്യമായ ഒരു മാറ്റമുണ്ടാകാൻ കാരണമായി.വഴിതർക്കം ഞങ്ങളുമായിട്ട് ആയിരുന്നില്ല. അച്ഛൻ അതിൽ മധ്യസ്ഥത വഹിക്കാൻ ചെന്നതായിരുന്നു. ന്യായം പക്ഷത്തില്ലെങ്കിലും വഴികോടുക്കാൻ തയ്യാറാകാത്ത എക്സർവ്വീസ് അങ്കിൾ അങ്ങനെ വെറുക്കപ്പെട്ടവനായി.

അപ്പോൾ മുതൽ പുളിമരത്തിന്റെ ഇല കാറ്റത്ത് തോഴിഞ്ഞ് കിണറ്റിൽ വീഴുന്നതും അത് അവിടെ കിടന്ന് അഴുകുന്നതും അങ്ങനെ കുടിക്കാനുള്ളവെള്ളം മലിന മാകുന്നതും ഞങ്ങൾ ശ്രദ്ധിച്ചുതുടങ്ങി. വലവാങ്ങി കിണർപോതിഞ്ഞാലും പുളിയില വലക്കണ്ണിക്ക് ഇടയിലൂടെ കിണറ്റിലെക്ക് വീഴുമെന്ന് മുൻകൂട്ടി ഒരു നിരീക്ഷണം നടത്തി. കടുത്ത വേനലിലും വറ്റാത്ത ഞങ്ങളുടെ കിണർ ആണ് വേനൽക്കാലത്ത് അയല്പക്കത്തുകാർക്കും ആശ്രയം. അപ്പോൾ പുളിയില വീണ് വെള്ളം മലിനപ്പെടുന്നത് ഞങ്ങളുടെ മാത്രമല്ല, നാട്ടുകാരുടെ ആകെ പ്രശ്നമാണ് എന്നരീതിയിൽ ഞങ്ങൾ ഉയർത്തിക്കോണ്ടുവന്നു.

ആദ്യപടിയായി പ്രശ്നം മരത്തിന്റെ ഉടമസ്തനെ അറിയിച്ചു. ഞങ്ങളുടെ പുരയിടത്തിലേക്ക്, കിണറ്റിന് മുക്കളിലേക്ക് വളർന്നുനിൽക്കുന്ന കൊമ്പുകൾ മുറിച്ചു മാറ്റിത്തരണം എന്നതാണ് ആവശ്യം. പൂത്തുതുടങ്ങിയ കൊമ്പുകൾ തൽകാലം മുറിക്കാൻ പറ്റില്ലെന്നായി എക്സർവ്വീസ് അങ്കിൾ. അടുത്തപടി പഞ്ചായത്താഫീസിൽ പരാതി കോടുക്കുക എന്നതായിരുന്നു. കൂടിക്കുവാനുള്ള വെള്ളം മലിനപ്പെടുന്നതും തുടർന്നുണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങളും ഹൈലൈറ്റ് ചെയ്യിച്ച് പരാതി തയ്യാറാക്കി പഞ്ചയത്ത് ആഫീസിൽ കോടുത്തു. പക്ഷെ വർഗ്ഗശത്രുക്കൾക്ക് ഭൂരിപക്ഷം ഉണ്ടായിരുന്ന പഞ്ചായത്ത് കമ്മിറ്റി എടുത്തതീരുമാനം ഞങ്ങൾക്ക് എതിരായി.വൈരുദ്ധ്യധിഷ്ടിത ഭൌതികവാദികളുടെ ബ്രാഞ്ച് സെക്രട്ടറിആയിരുന്ന അച്ഛൻ ബ്രഞ്ച് കമ്മിറ്റിയിലും ഉപരികമ്മിറ്റികളിലും ഞങ്ങളുടെ പുളിമര-കുടിവെള്ള പ്രശ്നം അവതരിപ്പിച്ചു.

പ്രശ്നങ്ങൾ ഇങ്ങനെ പുകയുമ്പോൾ പുളിമരത്തെ തട്ടാനുള്ള ഒരു മാസ്റ്റർപ്ലാൻ മുതിർന്നവരുടെ മൌനാനുവാദത്തോടെ ഞാൻ തയ്യാറാക്കി.എല്ലാം വളരെ ശാസ്ത്രീയമായിട്ടായിരുന്നു. വേര് മണ്ണിൽനിന്നും വലിച്ചെടുക്കുന്ന ജലവും ലവണവും സൂര്യപ്രകാശത്തിന്റെ സാനിധ്യത്തിൽ ഇലകളിൽ വച്ച് സസ്യത്തിന്റെ ആഹാരമായി മാറുന്നു. ക്സൈലവും ഫ്ലോയവും കാണാതെ പഠിച്ചത് ഓർത്തെടുത്തു. ജലവും ലവണവും ഇലകളിലെക്ക് എത്തുന്നതിനിടയിൽ അതിൽ വിഷം കലർത്തുക. മരത്തെ കോല്ലാൻ പറ്റുന്ന വിഷം വേണം. ഒരു തെർമോമീറ്റർ സംഘടിപ്പിക്കുച്ചു. അതു പോട്ടിച്ചു അതിലെ മെർക്കുറി എടുത്തു. വലിയോരു ആണികോണ്ട് മരത്തിന്റെ കാതലിലേക്ക് ഒരു വലിയ ദ്വാരം ഉണ്ടാക്കി അതിലെക്ക് മെർക്കുറി ഒഴിച്ചു.വളരെ സൈലന്റായ കില്ലിംങ്ങാണ്.

ഇനി ഓരോ ഇലകളായി വാടും, കരിയും, അങ്ങനെ ദിവസങ്ങൾക്കുള്ളിൽ മരം പടും.ഇലകൾ വാടി, ചില്ലകൾ കരിഞ്ഞു, മരം പട്ടു. ആർക്കും ഒരു സംശയവും ഉണ്ടായില്ല. പട്ട് അപകടാവസ്ഥയിലായ മരം ഉടനടി മുറിച്ചു മാറ്റണം എന്ന് ആവശ്യപ്പെട്ട് മരത്തിന്റെ ഉടമസ്തന് അപേക്ഷനൽകി. പട്ടു പോയ ആ വലിയ മരം ദിവസങ്ങൾക്കുള്ളിൽ മുറിച്ചു മാറ്റി.

ഞങ്ങൾ കിണർ ഇറച്ചു വ്രത്തിയാക്കി. ഇനി ഒരിക്കലും പുളിയില വീണ് കണറ്റിലെ വെള്ളം മലിനമാകില്ല.പക്ഷേ പിറ്റെ ദിവസം കിണർ ഇടിഞ്ഞു താഴ്ന്ന് അപ്രത്യക്ഷമായി. ചില പുതിയ പ്രകൃതി പ്രതിഭാസങ്ങൾ