Monday, June 28, 2010

കൈതച്ചക്കപുരാണം


സ്കൂളില്‍ പഠിക്കുന്ന സമയത്തെപ്പോഴോ എനിക്ക് കൈതച്ചക്ക കൃഷിയില്‍ കമ്പം കയറി.ഞാനും കൂടോരു കുട്ടുകാരനും ചേര്‍ന്ന് പലയിടത്ത് നിന്നായി കുറേ കൈതച്ചക്ക കന്നുകള്‍ കൊണ്ടുവന്ന് ഞങ്ങളുടെ പുരയിടത്തിലെ മരച്ചീനി കമ്പുകള്‍ക്കിടയില്‍ നട്ടു.നട്ടു നട്ടു ഒടുക്കം ഏതു സമയത്ത് ചെന്നാലും രണ്ടുമൂന്നെണ്ണം പാകമായത് പറിച്ചെടുക്കാന്‍ പറ്റുന്ന വിധത്തില്‍ സംഗതി കയറി അങ്ങ് വിപുലപ്പെട്ടു.

പലനിറത്തിലും തരത്തിലും ഒക്കെയുള്ള കൈതച്ചക്കകളാല്‍ പുരയിടം നിറഞ്ഞു.മരച്ചീനി നട്ടിരുന്നയിടം മുഴുവന്‍ അങ്ങനെ ക്രമേണ കൈതച്ചക്ക മാത്രമായി.വൈകുന്നേരങ്ങളില്‍ കൈതച്ചക്ക ജുസ് എന്നത് വീട്ടില്‍ നിത്യേനയുള്ള ഒന്നായി മാറി.

കൈതച്ചക്ക വളര്‍ന്നു കാടുപിടിച്ചാല്‍ അവിടെ പാമ്പുകയറും എന്ന് നാട്ടില്‍ പൊതുവേ ഒരു ധാരണയുണ്ട്, ആയതിനാല്‍ ആരും എന്റെ കൃഷിയെ അധികം പ്രോത്സാഹിപ്പിച്ചിരുന്നില്ല.മാത്രവുമല്ല മുഴുവനും വെട്ടി, കൈതക്കാട് നശിപ്പിക്കാന്‍ വീട്ടുകാര്‍ക്ക് മേല്‍ നാട്ടുകാര്‍ വക സമ്മര്‍ദം ഇടക്കിടെ ഉണ്ടായിക്കൊണ്ടുമിരുന്നു.

കൊല്ലങ്ങള്‍ കഴിഞ്ഞു,സ്കൂളിങ്ങ് കഴിഞ്ഞ് ബിരുദദാഹിയായി ഞാന്‍ കോളേജില്‍ ചേര്‍ന്നകാലം.
കൈതച്ചക്കയെ സംബന്ധിച്ചിടത്തോളം,അപ്പോഴേക്കും അത് തിന്നാനും വളര്‍ത്താനുമുള്ള താല്പര്യം ഞാനടക്കം വീട്ടില്‍ ആര്‍ക്കും ശേഷിച്ചിരുന്നില്ലെങ്കിലും കായ്ക്കാനും കൂടുതല്‍ കാടുപിടിക്കാനുമുള്ള താല്പര്യം കൈതചെടികള്‍ തീരെ കുറച്ചിരുന്നില്ല.കായ്ച്ചു പഴുത്തു കിടക്കുന്ന കൈതച്ചക്ക തിന്നാന്‍ അണ്ണാനും പലജാതിക്കിളികളും ഒക്കെ പതിവായി എത്തിയിരുന്നു.

കൈതക്കാട്ടില്‍ നിന്നും ഒരു നീളന്‍ മഞ്ഞച്ചേര ഞങ്ങളുടെ കിണറ്റിന്റെ ഭാഗത്തേക്ക് ഇടക്കിടെ ഒരു സര്‍ക്കീട്ടടിച്ചു മടങ്ങിപോയി.ടിയാനെ കണ്ട് വീട്ടിലെ കോഴികള്‍ തലഉയര്‍ത്തി ഒരു പ്രത്യേക ശബ്ദത്തില്‍ ചില സൂചനകള്‍ തന്നു.ശേഷം "സുചനകണ്ടു പഠിച്ചില്ലെങ്കില്‍...." എന്നമട്ടില്‍ ഞങ്ങളെ ഒന്ന് ചെറഞ്ഞു നോക്കിയിട്ട്,വീണ്ടും കൊത്തിപ്പറക്കി അവരുടെ പാട്ടിനുപോയി.

ആയിടെ ഒരുദിവസം ഞാനൊഴികെ വീട്ടില്‍നിന്നു എല്ലാപേരും ഗുരുവായൂര്‍ക്ക് പോയി,നിനച്ചിരിക്കാതെ കിട്ടിയ ആ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ ഞാനും കൂട്ടുകാരും തീരുമനിച്ചു,ചാറ്റല്‍ മഴയുള്ള ആ രാത്രി ഞങ്ങള്‍ വയലില്‍ തവളപിടുത്തത്തിനിറങ്ങി.തവളപിടുത്തത്തില്‍ ബിരുദവും ബിരുദാനന്തരവുമൊക്കെ കഴിഞ്ഞു നില്‍ക്കുന്നവര്‍ കൂട്ടത്തിലുണ്ട്,അവരെ ഒന്ന് കാണേണ്ട താമസം തവളകള്‍ കീഴടങ്ങി വരിവരിയായി വന്നു ചാക്കില്‍ കയറിക്കോളും പോലും.

ഏതാണ്ട് അങ്ങനെതന്നെയായിരുന്നു കാര്യങ്ങള്‍. വളരെ പെട്ടന്നാ ചാക്കിന് കനം വച്ചത്.തവളയെ കാണുന്നതും ടോര്‍ച്ചു കത്തിച്ചു അതിന്റെ കണ്ണിലേക്കടിക്കും,ഇതെന്താ ഇപ്പോ ഈ നേരത്ത് ഇങ്ങനൊരു വെളിച്ചം എന്നും പറഞ്ഞു തവള അന്തംവിട്ടു നിക്കുന്നതും പിറകിലൂടോരുത്തന്‍ ചെന്ന് ഒരൊറ്റ പിടുത്തം.അങ്ങനെ ഞങ്ങള്‍ വിചാരിച്ചതിലും അധികം എണ്ണം പലവലിപ്പത്തിലുള്ള പച്ച തവളകുട്ടന്മാര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചാക്കിനുള്ളിലായി.

ഇവയെ പാകം ചെയ്യുന്നതും വീട്ടില്‍ വച്ചുതന്നെയാ,തവള കാലുകള്‍ മാത്രമേ പോരിക്കാനെടുക്കൂ, കൊല്ലുന്ന കാര്യം മാത്രമാ പ്രയാസം,ഒത്തിരി അധികം എണ്ണം കിട്ടിയതിനാല്‍ കുട്ടത്തിലെ കുഞ്ഞന്‍ മാരെയെല്ലാം ഞങ്ങള്‍ വെറുതെവിട്ടു.

വീട്ടില്‍ വറുത്തു പോടിച്ചു വച്ചിരുന്ന മുളകുപോടിയും കുരുമുളക്പൊടിയും ഒക്കെ ചേര്‍ത്ത് തവളകാലുകള്‍ വെളിച്ചെണ്ണയില്‍ നന്നായി പോരിച്ചെടുത്തു.ഒപ്പം മരച്ചീനി അവിച്ചു കടുകു വറുത്തതും ചേര്‍ത്ത് ആ രാത്രി കുശാലാക്കി.

കൈതച്ചക്കയെപറ്റി പറഞ്ഞുവന്ന ഇവനെന്തിനാ തവളപുരാണം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നാണോ? പറയാം,പിറ്റേന്ന് രാവിലെ വീട്ടിലെല്ലാപേരും എത്തിയപ്പോള്‍ ആദ്യം കണ്ടത് വീടിന്റെ മുന്‍വശത്ത്‌ ഒരു ഉഗ്രന്‍ മൂര്‍ഖന്‍ ,അതിനെ ആളെക്കുട്ടി തല്ലിക്കൊന്നു,പിന്‍വശത്തെക്കിറങ്ങിയപ്പോള്‍ അവിടെ മൂര്‍ഖന്‍മാര്‍ രണ്ടെണ്ണം,അതിലോരെണ്ണത്തിന്റെ വായിലാകട്ടെ ഒരു പച്ച തവള.അത് രണ്ടിനെയും കൊല്ലാന്‍ കിട്ടിയില്ല.കൊല്ലാന്‍ വടിയും തടിയുമായി ആള്‍ക്കാര്‍ എത്തിയപ്പോഴേക്കും അവ ഞങ്ങളുടെ കൈതക്കാട്ടിനിടയിലേക്ക് കയറിപോയി.തുടര്‍ന്നു അപ്പോള്‍ത്തന്നെ കൈതകാടു മുഴുവനും വെട്ടിനിരത്തി കത്തിച്ചു.അങ്ങനെ രാത്രിയില്‍ ഞങ്ങള്‍ ഉപേക്ഷിച്ച കുഞ്ഞു ദര്‍ദുരങ്ങളെ ശാപ്പിടാന്‍ വന്ന മൂര്‍ഖന്‍സ് കാരണം പുരയിടത്തിലെ കൈതക്കാട് എന്നന്നേക്കുമായി വെട്ടിനശിപ്പിക്കപ്പെട്ടു.

ഇന്നലെ രാത്രിയിലെ കാറ്റത്തും മഴയത്തും ചാഞ്ഞു പോയ റബ്ബര്‍തൈകള്‍ നേരേപിടിച്ചുകെട്ടാനായി പോയപ്പോഴാ കണ്ടത് പുരയിടത്തിന്റെ അതിരിനരുകില്‍ ഒരു കൈതച്ചക്ക.പഴയ വെട്ടിനിരത്തലില്‍ നിന്ന് എങ്ങിനെയോ രക്ഷപെട്ട് തലമുറകള്‍ പിന്നിട്ട്‌ ഇപ്പോഴും കായ്ക്കുന്ന ഒരെണ്ണം.ആ കാഴ്ചയാണ് ഈ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ടു പോയത്,അതിന്റെ ചിത്രമാണ്‌ മുകളില്‍ ചേര്‍ത്തിരിക്കുന്നത്.

അതൊന്നുപഴുത്തു പാകമാകാനായി കാത്തിരിക്കുകയാണ് ഞാനടക്കം വീട്ടില്‍ എല്ലാപേരും.