Monday, June 28, 2010

കൈതച്ചക്കപുരാണം


സ്കൂളില്‍ പഠിക്കുന്ന സമയത്തെപ്പോഴോ എനിക്ക് കൈതച്ചക്ക കൃഷിയില്‍ കമ്പം കയറി.ഞാനും കൂടോരു കുട്ടുകാരനും ചേര്‍ന്ന് പലയിടത്ത് നിന്നായി കുറേ കൈതച്ചക്ക കന്നുകള്‍ കൊണ്ടുവന്ന് ഞങ്ങളുടെ പുരയിടത്തിലെ മരച്ചീനി കമ്പുകള്‍ക്കിടയില്‍ നട്ടു.നട്ടു നട്ടു ഒടുക്കം ഏതു സമയത്ത് ചെന്നാലും രണ്ടുമൂന്നെണ്ണം പാകമായത് പറിച്ചെടുക്കാന്‍ പറ്റുന്ന വിധത്തില്‍ സംഗതി കയറി അങ്ങ് വിപുലപ്പെട്ടു.

പലനിറത്തിലും തരത്തിലും ഒക്കെയുള്ള കൈതച്ചക്കകളാല്‍ പുരയിടം നിറഞ്ഞു.മരച്ചീനി നട്ടിരുന്നയിടം മുഴുവന്‍ അങ്ങനെ ക്രമേണ കൈതച്ചക്ക മാത്രമായി.വൈകുന്നേരങ്ങളില്‍ കൈതച്ചക്ക ജുസ് എന്നത് വീട്ടില്‍ നിത്യേനയുള്ള ഒന്നായി മാറി.

കൈതച്ചക്ക വളര്‍ന്നു കാടുപിടിച്ചാല്‍ അവിടെ പാമ്പുകയറും എന്ന് നാട്ടില്‍ പൊതുവേ ഒരു ധാരണയുണ്ട്, ആയതിനാല്‍ ആരും എന്റെ കൃഷിയെ അധികം പ്രോത്സാഹിപ്പിച്ചിരുന്നില്ല.മാത്രവുമല്ല മുഴുവനും വെട്ടി, കൈതക്കാട് നശിപ്പിക്കാന്‍ വീട്ടുകാര്‍ക്ക് മേല്‍ നാട്ടുകാര്‍ വക സമ്മര്‍ദം ഇടക്കിടെ ഉണ്ടായിക്കൊണ്ടുമിരുന്നു.

കൊല്ലങ്ങള്‍ കഴിഞ്ഞു,സ്കൂളിങ്ങ് കഴിഞ്ഞ് ബിരുദദാഹിയായി ഞാന്‍ കോളേജില്‍ ചേര്‍ന്നകാലം.
കൈതച്ചക്കയെ സംബന്ധിച്ചിടത്തോളം,അപ്പോഴേക്കും അത് തിന്നാനും വളര്‍ത്താനുമുള്ള താല്പര്യം ഞാനടക്കം വീട്ടില്‍ ആര്‍ക്കും ശേഷിച്ചിരുന്നില്ലെങ്കിലും കായ്ക്കാനും കൂടുതല്‍ കാടുപിടിക്കാനുമുള്ള താല്പര്യം കൈതചെടികള്‍ തീരെ കുറച്ചിരുന്നില്ല.കായ്ച്ചു പഴുത്തു കിടക്കുന്ന കൈതച്ചക്ക തിന്നാന്‍ അണ്ണാനും പലജാതിക്കിളികളും ഒക്കെ പതിവായി എത്തിയിരുന്നു.

കൈതക്കാട്ടില്‍ നിന്നും ഒരു നീളന്‍ മഞ്ഞച്ചേര ഞങ്ങളുടെ കിണറ്റിന്റെ ഭാഗത്തേക്ക് ഇടക്കിടെ ഒരു സര്‍ക്കീട്ടടിച്ചു മടങ്ങിപോയി.ടിയാനെ കണ്ട് വീട്ടിലെ കോഴികള്‍ തലഉയര്‍ത്തി ഒരു പ്രത്യേക ശബ്ദത്തില്‍ ചില സൂചനകള്‍ തന്നു.ശേഷം "സുചനകണ്ടു പഠിച്ചില്ലെങ്കില്‍...." എന്നമട്ടില്‍ ഞങ്ങളെ ഒന്ന് ചെറഞ്ഞു നോക്കിയിട്ട്,വീണ്ടും കൊത്തിപ്പറക്കി അവരുടെ പാട്ടിനുപോയി.

ആയിടെ ഒരുദിവസം ഞാനൊഴികെ വീട്ടില്‍നിന്നു എല്ലാപേരും ഗുരുവായൂര്‍ക്ക് പോയി,നിനച്ചിരിക്കാതെ കിട്ടിയ ആ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ ഞാനും കൂട്ടുകാരും തീരുമനിച്ചു,ചാറ്റല്‍ മഴയുള്ള ആ രാത്രി ഞങ്ങള്‍ വയലില്‍ തവളപിടുത്തത്തിനിറങ്ങി.തവളപിടുത്തത്തില്‍ ബിരുദവും ബിരുദാനന്തരവുമൊക്കെ കഴിഞ്ഞു നില്‍ക്കുന്നവര്‍ കൂട്ടത്തിലുണ്ട്,അവരെ ഒന്ന് കാണേണ്ട താമസം തവളകള്‍ കീഴടങ്ങി വരിവരിയായി വന്നു ചാക്കില്‍ കയറിക്കോളും പോലും.

ഏതാണ്ട് അങ്ങനെതന്നെയായിരുന്നു കാര്യങ്ങള്‍. വളരെ പെട്ടന്നാ ചാക്കിന് കനം വച്ചത്.തവളയെ കാണുന്നതും ടോര്‍ച്ചു കത്തിച്ചു അതിന്റെ കണ്ണിലേക്കടിക്കും,ഇതെന്താ ഇപ്പോ ഈ നേരത്ത് ഇങ്ങനൊരു വെളിച്ചം എന്നും പറഞ്ഞു തവള അന്തംവിട്ടു നിക്കുന്നതും പിറകിലൂടോരുത്തന്‍ ചെന്ന് ഒരൊറ്റ പിടുത്തം.അങ്ങനെ ഞങ്ങള്‍ വിചാരിച്ചതിലും അധികം എണ്ണം പലവലിപ്പത്തിലുള്ള പച്ച തവളകുട്ടന്മാര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചാക്കിനുള്ളിലായി.

ഇവയെ പാകം ചെയ്യുന്നതും വീട്ടില്‍ വച്ചുതന്നെയാ,തവള കാലുകള്‍ മാത്രമേ പോരിക്കാനെടുക്കൂ, കൊല്ലുന്ന കാര്യം മാത്രമാ പ്രയാസം,ഒത്തിരി അധികം എണ്ണം കിട്ടിയതിനാല്‍ കുട്ടത്തിലെ കുഞ്ഞന്‍ മാരെയെല്ലാം ഞങ്ങള്‍ വെറുതെവിട്ടു.

വീട്ടില്‍ വറുത്തു പോടിച്ചു വച്ചിരുന്ന മുളകുപോടിയും കുരുമുളക്പൊടിയും ഒക്കെ ചേര്‍ത്ത് തവളകാലുകള്‍ വെളിച്ചെണ്ണയില്‍ നന്നായി പോരിച്ചെടുത്തു.ഒപ്പം മരച്ചീനി അവിച്ചു കടുകു വറുത്തതും ചേര്‍ത്ത് ആ രാത്രി കുശാലാക്കി.

കൈതച്ചക്കയെപറ്റി പറഞ്ഞുവന്ന ഇവനെന്തിനാ തവളപുരാണം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നാണോ? പറയാം,പിറ്റേന്ന് രാവിലെ വീട്ടിലെല്ലാപേരും എത്തിയപ്പോള്‍ ആദ്യം കണ്ടത് വീടിന്റെ മുന്‍വശത്ത്‌ ഒരു ഉഗ്രന്‍ മൂര്‍ഖന്‍ ,അതിനെ ആളെക്കുട്ടി തല്ലിക്കൊന്നു,പിന്‍വശത്തെക്കിറങ്ങിയപ്പോള്‍ അവിടെ മൂര്‍ഖന്‍മാര്‍ രണ്ടെണ്ണം,അതിലോരെണ്ണത്തിന്റെ വായിലാകട്ടെ ഒരു പച്ച തവള.അത് രണ്ടിനെയും കൊല്ലാന്‍ കിട്ടിയില്ല.കൊല്ലാന്‍ വടിയും തടിയുമായി ആള്‍ക്കാര്‍ എത്തിയപ്പോഴേക്കും അവ ഞങ്ങളുടെ കൈതക്കാട്ടിനിടയിലേക്ക് കയറിപോയി.തുടര്‍ന്നു അപ്പോള്‍ത്തന്നെ കൈതകാടു മുഴുവനും വെട്ടിനിരത്തി കത്തിച്ചു.അങ്ങനെ രാത്രിയില്‍ ഞങ്ങള്‍ ഉപേക്ഷിച്ച കുഞ്ഞു ദര്‍ദുരങ്ങളെ ശാപ്പിടാന്‍ വന്ന മൂര്‍ഖന്‍സ് കാരണം പുരയിടത്തിലെ കൈതക്കാട് എന്നന്നേക്കുമായി വെട്ടിനശിപ്പിക്കപ്പെട്ടു.

ഇന്നലെ രാത്രിയിലെ കാറ്റത്തും മഴയത്തും ചാഞ്ഞു പോയ റബ്ബര്‍തൈകള്‍ നേരേപിടിച്ചുകെട്ടാനായി പോയപ്പോഴാ കണ്ടത് പുരയിടത്തിന്റെ അതിരിനരുകില്‍ ഒരു കൈതച്ചക്ക.പഴയ വെട്ടിനിരത്തലില്‍ നിന്ന് എങ്ങിനെയോ രക്ഷപെട്ട് തലമുറകള്‍ പിന്നിട്ട്‌ ഇപ്പോഴും കായ്ക്കുന്ന ഒരെണ്ണം.ആ കാഴ്ചയാണ് ഈ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ടു പോയത്,അതിന്റെ ചിത്രമാണ്‌ മുകളില്‍ ചേര്‍ത്തിരിക്കുന്നത്.

അതൊന്നുപഴുത്തു പാകമാകാനായി കാത്തിരിക്കുകയാണ് ഞാനടക്കം വീട്ടില്‍ എല്ലാപേരും.

Sunday, April 18, 2010

ചില ഓർമ്മ ചിത്രങ്ങൾ


ഇടവഴിയും വയലും തോടും കുളവും ഒക്കെ കടന്നാണ് സ്കൂളിലേക്കുള്ള യാത്ര. ഓരോരോ ചെറിയ ചെറിയ സംഘങ്ങളായി. ഇതിൽ ഏറ്റവും വാലുകുരുത്ത സംഘം ഞങ്ങളുടെതായിരുന്നു.

എട്ടാം ക്ലാസ്സുകാരി പാർവ്വതിയാണ് അതുവഴി സ്കൂളിൽ പോകുന്ന കുട്ടികളിൽ വച്ച് ഏറ്റവും സുന്ദരി, ഇടവഴി തീരുന്നിടത്ത്,വയലിന്റെ കരയിലെ വലിയ പടിക്കെട്ടൂള്ള വീട്ടിലെ കുട്ടിയാണ്. കഥകളി എന്നാണ് അവളുടെ ഇരട്ടപേര്. എന്നും വാലിട്ട് കരി എഴുതി വരുന്നതുകോണ്ട് കിട്ടിയ പേരാണ്. ഞങ്ങളുടെ സംഘത്തിലെ മുഴുവൻ പേർക്കും അവളിൽ ഒരു കണ്ണുണ്ടായിരുന്നു, അതുകോണ്ടുതന്നെ ഞങ്ങളുടെ പരാക്രമങ്ങൾ മിക്കപ്പോഴും അവളുടെയും കൂട്ടുകാരുടെയും നേരെ ആയിരുന്നു.

ആർക്കും മുന്നേ കയറി പോകാൻ പറ്റാത്ത വിധം ഞങ്ങൾ വരമ്പു മുഴുവൻ ഏറ്റെടുത്ത്, പതിയെ നടക്കും. മുന്നെ കയറി പോകാൻ ശ്രമിക്കുന്നവരെ വയലിലേക്ക് തള്ളിയിടും, ബാഗിൽ പിടിച്ച് വലിക്കും , ദേഹത്ത് വെള്ളം തട്ടി തെറിപ്പിക്കും, ഇങ്ങനെയോക്കെ ശല്യം ചെയ്തുകോണ്ടേയിരിക്കും.ഇത്യാദി വേലത്തരങ്ങളുടെ എല്ലാം ലീഡർഷിപ്പ് ഞൻ സ്വയം ഏറ്റെടുത്തിരുന്നു.

അബലകളായ നാരീജനങ്ങളോടുള്ള അക്രമങ്ങൾക്കെതിരെ ഒരിക്കൽ ഒരുത്തൻ ചോദിക്കാൻ വന്നു.പത്താം ക്ലാസ്സുകാരനായ ഒരു ബലിഷ്ടകായൻ. പാർവ്വതിയുടെയും കൂട്ടുകാരുടെയും മുന്നിൽ ഒന്നു ഷൈൻ ചെയ്യുകയായിരുന്നു അവന്റെ ലക്ഷ്യം.ഞങ്ങൾ ഒൻപതാൽ ക്ലാസ്സുകരെല്ലാം ചേർന്ന് അവനെ വയലിൽ തള്ളിയിട്ട് ഇടിച്ചു.പാർവ്വതിയെ വീഴ്ത്താൻ നോക്കുന്ന ഒരു പൊതുശത്രുവിനെ ഞങ്ങൾ ഒരുമിച്ച് നേരിടുകയായിരുന്നു.ഞങ്ങളുടെ സംഘാങ്ങളല്ലാതെ പുറത്തുനിന്നു ഒരുത്തൻ അവളെ വീഴ്ത്തരുത് എന്നോരു പോതുമിനിമം പരിപാടി ഞങ്ങൾക്കിടയിലുണ്ടായിരുന്നു.

ഒരുദിവസം പാലത്തിന്റെ കൈവരിനിറയെ ഏവനോ ‘കതകളി‘ ‘കതകളി‘ എന്ന് ചോക്കുകോണ്ട് എഴുതിവച്ചിരിക്കുന്നു.അതുകണ്ടതും പാർവ്വതിക്ക് കരച്ചിൽ പോട്ടി, കരഞ്ഞുംകോണ്ട് ടൂട്ടോറിയില് വന്നു. പ്രിൻസിപ്പളിന്റെ മുന്നിൽ പരാതിയുടെ ഒരു നെടുനീളൻ ലിസ്റ്റ് നിരത്തി. അവളുടെ വീടുമുതൽ സ്ക്കൂളുവരെ ഞങ്ങൾ അവളോടും കൂട്ടുകാരികളോടും കാണിക്കുന്ന ക്രൂരതകൾ, ഒടുക്കം ഞാണ് പാലത്തിൽ ഇരട്ടപേര് എഴുതിവച്ചതെന്നുകൂടി.അന്ന് ടൂട്ടോറിയുടെ ഓഫീസ് റൂമിന്റെ മുന്നിൽ വച്ച് എല്ലാരും കാണെ ചൂരലുകോണ്ട് ചന്തിക്കിട്ടു അഞ്ച് അടി കിട്ടി.എന്റെ കൂടെ ഉള്ളവന്മാർക്ക് ഒരൊന്നുവീതവും.

അന്നു വൈകിട്ട് സ്കൂൾവിട്ട് വരുമ്പോൾതന്നെ,ഇരട്ടപ്പേര് എഴുതിയവനെ പിടിക്കൂടി അവളുടെ മുന്നിൽ കോണ്ടിട്ടു. ചെയ്യാത്തകുറ്റത്തിന് അടിവാങ്ങിച്ചുതന്നതിലുള്ള കുറ്റബോധം അവളിൽ സെന്റിമെൻസായി അതുപിന്നെ പ്രണയമായി വളരുമെന്ന് ഞാൻ പ്രതീക്ഷിച്ചു,എന്നാൽ എന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി എനിക്ക് അടിവാങ്ങിത്തന്നവൾ എന്ന ഗമയിലായിരുന്നു പിന്നീടുള്ള അവളുടെ നടപ്പ്.പ്രതികാരം ചെയ്യാൻ പറ്റിയ ഒരവസരത്തിനായുള്ള കാത്തിരിപ്പായിരുന്നു എന്നെ സംബന്ധിച്ചടത്തോളം പിന്നീടങ്ങോട്ട്.

നല്ല മഴപെയ്ത് തോർന്ന ഒരു ദിവസം, സ്കൂൾ വിട്ടുവരുന്ന വഴി,വരമ്പോന്നും കാണാൻ പറ്റാത്തത്ര വെള്ളം കയറിക്കിടക്കുകയാണ്. ചാടവുന്ന ചാലുകളിലോക്കെ ചാടി നനയാൻ പറ്റാവുന്നത്രയും നനഞ്ഞ് വരികയാണ് ഞങ്ങൾ.നോക്കുമ്പോഴുണ്ട് പാർവ്വതി വരമ്പിൽ നിന്നു കരയുന്നു.അവളുടെ കൂട്ടുകാരികൾ വയലിൽ എന്തോ തപ്പുന്നു.സംഗതി പാർവ്വതിയുടെ ഒരു ചെരിപ്പ് ചെളിയിൽ പുതഞ്ഞുപോയി. പിന്നെ ഒട്ടും അമാന്തിച്ചില്ല, ഞങ്ങളെല്ലാം ചെളിയിലെക്ക് ചാടി ചെരിപ്പ് തപ്പാൻ തുടങ്ങി,എന്റെ കയ്യിൽ ചെരിപ്പ് തടഞ്ഞു,ഞാൻ അതു ഉയർത്തികാണിച്ചിട്ട് അതും കോണ്ട് ഓരോറ്റഓട്ടം.പാർവ്വതിയടക്കം എല്ലാപേരും വരമ്പേ പുറകേയോടി.പാലത്തിലെത്തിയപ്പോൾ ഞാൻ നിന്നു.

“ചെറുക്കാ എന്റെ ചെരിപ്പിങ്ങു താ” പാർവ്വതി നിന്നു ചിണുങ്ങുകയാണ്.ഞാൻ ചെരിപ്പു തോട്ടിലേക്കെറിയുമെന്നു പറഞ്ഞു, “എറിയണ്ടങ്കി പറ ഞാൻ കഥകളി ഞാൻ കഥകളി ഞാൻ കഥകളി എന്ന് ഇരുപത് വട്ടം“.പാർവ്വതി കരഞ്ഞുനോക്കി ഞാൻ വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഒടുക്കം വേറെ രക്ഷയില്ലാന്നുകണ്ടപ്പോൾ എല്ലാരുടെം മുന്നിൽ വച്ച് പാർവ്വതി കരഞ്ഞുകോണ്ട് തലകുനിച്ച് പറഞ്ഞുതുടങ്ങി,
ഞാൻ കഥകളി, ഞാൻ കഥകളി, ഞാൻ കഥകളി.

അഞ്ചുവട്ടമായപ്പോൾ ഞാൻ ഗൌരവത്തിൽ പറഞ്ഞു, “ഉം മതി,കോണ്ടുപോയ്കോ“ ചെരിപ്പ് എറിഞ്ഞുകോടുത്തു.എല്ലാരുടെയും മുന്നിൽ വച്ച് അവളെമുട്ടുകുത്തിച്ചതിന്റെ ഒരു സുഖം ഞാൻ അനുഭവിച്ചു.

ഞാൻ ചെയ്തതു തീരെ ശരിയായില്ല,ഇങ്ങനെയോക്കെ കാണിക്കാൻ പാടുണ്ടോ എന്നെല്ലാം പറഞ്ഞ് എന്റെ തന്നെ കൂടെ യുള്ളവൻമാർ അവളുടെ മുന്നിൽ സ്കോർ ചെയ്യാൻ നോക്കി.ഞാനാകട്ടെ നിലവിൽ അവളുടെ മേൽ കിട്ടിയിരിക്കുന്ന ആധിപത്യം വീണ്ടും അടികിട്ടി കളഞ്ഞുകുളിക്കണ്ടന്നു കരുതി അവളോട് പുതിയ വേലത്തരങ്ങൾക്കോന്നും പോയില്ല.

ഇനി പറയാൻ പോകുന്ന കാര്യം ഇതുവരെയും ഞങ്ങൾ ചിലർക്കിടയിൽ രഹസ്യമായിരുന്നതാണ്.

ഒൻപതാം ക്ലാസ്സിലെ ഓണപ്പരീക്ഷ കഴിഞ്ഞതോടെ ടൂട്ടോറിയലിൽ പോക്ക് ഞങ്ങളുടെ സംഘം അങ്ങുമതിയാക്കി.വീട്ടുകാരറിയാതെ സ്വയം എടുത്തതീരുമാനം,രാവിലെ ടൂട്ടോറിയുടെ സമയത്ത് സ്കൂളിന്റെ പിന്നിലെ നോട്ടോറിയൽ മൂലകളിൽ പോയി തീപ്പട്ടിപടം കളിക്കുകയാണ് ഞങ്ങളുടെ പരിപാടി.വൈകിട്ടും ടൂട്ടോറിയലിൽ ക്ലാസ്സുണ്ട്, ഏതെങ്കിലും ആറ്റിലോ കുളത്തിലോ നിരങ്ങി ആ സമയവും കഴിഞ്ഞിട്ടെ വീട്ടിലെത്താറുള്ളു.

അങ്ങിനെയുള്ളോരു വൈകുന്നേരം,ഞങ്ങളുടെ കൂട്ടത്തിലുള്ള തന്നെ ഒരുത്തന്റെ വാഴത്തോപ്പിൽ നിന്നു ചെറിയോരു വാഴക്കുല അവന്റെ കൂടി സാന്നിദ്ധ്യത്തിൽ ഞങ്ങൾ മോഷ്ടിച്ചു.അതു പാകമാകാനായി പാർവ്വതിയുടെ വീടിനു മുകളിലുള്ള ആൾതാമസമില്ലാത്ത ഒരു വീട്ടിന്റെ പുറകിൽ വാഴത്തോലു കോണ്ട് പോതിഞ്ഞു കുഴിച്ചിട്ടു.

ഞങ്ങൾ വിചാരിച്ചപോലെ അത്ര ചെറിയ സംഭവം ആയിരുന്നില്ല അത്.വല്യ പ്രശ്നങ്ങളായി.ആരോ വാഴക്കുല മോഷ്ടിച്ചെന്ന് നാട്ടിൽ മുഴുവൻ അറിഞ്ഞു.ആരാണെന്നു മാത്രം ആർക്കും ഒരു പിടിയുമില്ല.അക്കരെ കോളനിയിലുള്ള ചിലർ വാഴക്കുല മോഷ്ടിച്ചുകോണ്ട് പോകുന്നത് കണ്ടവരുണ്ട് പോലു!!!,നാലു ദിവസം കഴിഞ്ഞ് ആരും കാണില്ല എന്ന് ഉറപ്പു വരുത്തി ഞങ്ങൾ പോയി കുഴി മാന്തിനോക്കി.അവിടെത്തന്നെ ഒളിച്ചിരുന്ന് പങ്കുവച്ചു തിന്നുന്നതിനിടയിൽ അപ്രതീക്ഷിതമായി പാർവ്വതി കയറിവന്നു,ഒരു ആടിനെയും പിടിച്ചുകോണ്ട്, തീർന്നു.ഞങ്ങൾ നാലുപാടും ചിതറിയോടി.പാർവ്വതി എല്ലാവരോടും പറയും അങ്ങനെ എല്ലാവരും അറിയും,നാളെ സ്കൂളിൽ പോകുന്ന വഴി ഞങ്ങളെ പിടിച്ചു കെട്ടിയിടും,ഇങ്ങനെയെല്ലാം പേടിച്ചു ഞാനിരുന്നു.

എന്നാൽ പിറ്റെന്ന് ഒന്നും ഉണ്ടായില്ല.അവൾ ആരോടും പറഞ്ഞില്ല.പക്ഷേ എന്നോടുമാത്രം പറഞ്ഞു ഇനിയും ടൂട്ടൊറിയിൽ കയറാതെ നടന്നാൽ എല്ലാം എല്ലാരോടും പറയുമെന്ന്!!

അതോടെ ഞാൻ മരിയാദിരാമനായി. എന്റെ കൂടെ ഉള്ളവൻമാർ ടൂട്ടോറിയിൽ കയറാതെ തീപ്പെട്ടിപടം കളിക്കാൻ പോയപ്പോൾ ഞാൻ കൂടെ പോയില്ല.ആ സംഘത്തിലണ്ടായിരുന്ന എന്റെ അപ്രഖ്യാപിത ലീഡർഷിപ്പും അതൊടെ തീർന്നു.

സ്കൂളും ടൂട്ടോറിയും ഇല്ലാത്ത ഒരു ദിവസം, സ്പെഷ്യൽ ക്ലാസ്സുണ്ടെന്ന് കള്ളം പറഞ്ഞ് ഞാനോരു ബുക്കുമെടുത്തു വീട്ടിൽ നിന്നിറങ്ങി.. സൈക്കിൾ ഓടിച്ചു പഠിക്കാൻ ഇറങ്ങിയതാണ്.ഒരുത്തൻ കൂടെയുണ്ട്. സൈക്കിൾ അവന്റെയാണ്. പാർവ്വതിയുടെ വീടിന് അടുത്തുള്ള ഇടവഴിയിലാണ് പഠിത്തം.ആ വഴി ഒരു കുത്തിറക്കമാണ്,ഇറക്കം ഇറങ്ങിചെന്നാൽ വയലിലെത്തും.ഇറങ്ങുകയായിരുന്നില്ല, പറക്കുകയായിരുന്നു നാലുകരണം മറിഞ്ഞു ഞാനും സൈക്കിളും കൂടി വയലിൽ വീണു,പുറകിലത്തെ ബ്രേക്ക് പോട്ടി പോയി,മുന്നിലെ ബ്രേക്ക് പിടിച്ചാൽ കരണം മറിയുമെന്ന് അവൻ പറഞ്ഞുതന്നിട്ടില്ലായിരുന്നു. ശബ്ദം കേട്ട് പാർവ്വതിയും അവളുടെ അമ്മയും ഒക്കെ ഓടി ഇറങ്ങിവന്നു.അവരുടെ വീട്ടിൽ പോയാണ് ദേഹത്തെ ചെളിമുഴുവൻ കഴുകികളഞ്ഞത്. അവളൂടെ അമ്മ മുറിവിൽ നീറ്റലുള്ള ഒരു മരുന്നു പുരട്ടി തന്നു,സൈക്കിളു കണ്ടാൽ അതീന്നു വീണവൻ ജീവനോടെ ഉണ്ടെന്നു ആരും പറയില്ല,ആ പരുവമായി,ആകെ ചമ്മലായി.

പിറ്റെന്നിന്റെ പിറ്റെന്നേ പിന്നെ സ്കൂളിൽ പോയുള്ളു,ഇടവഴി ഇറങ്ങിവന്നപ്പോൾ പടിക്കെട്ടിൽ പാർവ്വതി അവളുടെ കൂട്ടുകാരികളെ കാത്തുനിൽക്കുന്നു,എന്നെ കണ്ടതും ബാഗിൽ നിന്ന് ഒരു നോട്ട് ബുക്കെടുത്തു നീട്ടി, സൈക്കിളിൽ നിന്നുവീണതിന്റന്ന് അവിടെ കിടന്നു കിട്ടിയതാണത്രെ,ബുക്ക് എന്റെതന്നെയാ പക്ഷെ എണ്ണമയമുള്ള നല്ല ബയന്റിങ്ങ് പേപ്പറു വച്ച് നന്നായി ബയന്റിട്ടിരിക്കുന്നു.

ഒത്തിരികാലം ഞാൻ ആ നോട്ട് ബുക്ക് ബയന്റിളകാതെ സൂക്ഷിച്ചുവച്ചിരുന്നു.

സ്കൂൾ അടച്ചു തുറന്നപ്പോഴേക്കും പടിക്കെട്ടിനു മുകളിലെ വീട്ടിൽ പുതിയ താമസക്കാർ വന്നു. പാർവ്വതിയും വീട്ടുകാരും വീടുമാറി പോയി.അവൾ ആറ്റിങ്ങലിലെ ഏതൊ സ്കൂളിൽ ചേർന്നെന്നു ഞാൻ അറിഞ്ഞു.എങ്ങിനെയെങ്കിലും ഒന്നു കാണാൻ പറ്റണേ എന്ന് അറിയാവുന്ന ദൈവങ്ങളോടൊക്കെ പ്രാര്ത്ഥിച്ച കാലം,പകരം വക്കാനില്ലാത്ത എന്തോ ഒന്ന് നഷ്ടപെട്ടുപോയതു പോലെ...

വർഷങ്ങൾക്കു ശേഷം കോളേജിൽ വച്ച് പാർവ്വതിയുടെ ഒരു പഴയ കൂട്ടുകാരിയെ കണ്ടു. അവളുടെ അച്ഛൻ നടത്തിയിരുന്ന ബിസ്സിനസ്സ് തകർന്നെന്നും അതോടെ കുടുംബം കടത്തിൽ ആയെന്നും മറ്റുമോക്കെയുള്ള തീരെ സന്തോഷകരമല്ലാത്ത വാർത്തകളാണ് അവളെ പറ്റി കേട്ടത്.

എന്തുകോണ്ടോ പാർവ്വതിയെ കാണാൻ അന്നു ശ്രമിച്ചില്ല, ഒരു പക്ഷെ പകരം മറ്റോന്നില്ല എന്ന് തോന്നിയ പലതിനും പകരങ്ങൾ ഉണ്ടായ കാലമായതുകോണ്ടാവണം.

അത്തവണത്തെ ന്യൂ ഇയറിനു കോളേജിലെ അഡ്രസ്സിൽ എനിക്കോരു ആശംസാ കാർഡുവന്നു, പുതുവത്സരാശംസകളുടെ ചുവടെ “ഞാൻ കഥകളി“ എന്നെഴുതിയിരുന്നു.

ഒരിക്കൽ നാട്ടിൽ അവധിക്കു പോയപ്പോൾ,അവളുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞെന്നും അവൾക്ക് ടീച്ചറായി ഏതോ സ്കൂളിൽ ജോലി കിട്ടിയെന്നും മറ്റുമുള്ള സന്തോഷകരമായ വിവരങ്ങൾ അവളെ പറ്റി അറിഞ്ഞു.

ഇന്നിപ്പോൾ എവിടെയായിരിക്കും പാർവ്വതി. ഒന്നന്വേഷിച്ചാൽ കണ്ടുപിടിക്കാവുന്നതേയുള്ളു. എങ്കിലും വേണ്ട,പുതിയ കാഴ്ചകളേക്കാൾ സുന്ദരം പഴയ ഓർമ്മകളിലെ ചിത്രങ്ങൾ തന്നെയാണ്..

Saturday, April 3, 2010

ഒരു നുണക്കഥ

വോക്കേഷണൽ ഹയർ സെക്കന്ററി പഠിച്ചു കഴിഞ്ഞാലൂടൻ ജോലി കിട്ടുമെന്നു കരുതിയിട്ടാവണം വീട്ടുകാർ എന്നെ പത്താം ക്ലാസ്സ് കഴിഞ്ഞ് നേരെ ആലംകോട് വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കോണ്ട്ചേർത്തു.പത്താം ക്ലാസ്സിൽ കൂടെ പഠിച്ച കുട്ടികൾ ഒക്കെ പ്രീഡിഗ്രീക്ക് കോളേജിൽ ചെർന്നപ്പോൾ ഞാൻ മാത്രം കറുത്ത പാന്റും വെള്ള ഷർട്ടും യൂണിഫോമിൽ വീണ്ടും സ്കൂളിലേക്ക്.

മെയിന്റനൻസ് ആൻഡ് ഓപ്പറേഷൻ ഓഫ് ബയോമെഡീക്കൽ എക്വിപ്മെന്റ്സ്,അതാണ് വോക്കേഷണൽ സബ്ജക്ട്.അതെന്താ‍ണെന്ന് സത്യത്തിൽ ഇന്നും എനിക്കറിയില്ല.വോക്കേഷണൽ സബ്ജക്ട് പഠിപ്പിക്കാൻ സാറില്ലായിരുന്നു,നല്ലകാര്യം.അതിന്റെ പീരീയ്ഡിലൊക്കെ ക്ലാസ്സിൽ എന്റെ പ്രധാന പണി ആയിടെ കണ്ട സിനിമയുടെ കഥ പറയുക എന്നതാണ്.ഒരു കൂട്ടം പേർ ചുറ്റും കാണും.സിനിമയിലെ ഡയലോഗോക്കെ വള്ളിപുള്ളി വിടാതെ അത്യാവശ്യം പശ്ചാത്തല സംഗീതം വരെ ചേർത്ത് നല്ല ഇഫക്ടായിട്ടായിരുന്നു കഥ പറച്ചിൽ.

ക്ലാസ്സിൽ ഒരു സുഹ്ദാ ബീവി ഉണ്ടായിരുന്നു.എന്തു പറഞ്ഞാലും വിശ്വസിക്കുന്ന ഒരു പാവം കക്ഷി.സിനിമ കാണുന്നതും സിനിമാ കഥ കേൾക്കുന്നതും ഒക്കെ പാപമാണെന്നാണ് പുള്ളിക്കാരിയുടെ വിശ്വാസം.അതുകോണ്ടുതന്നെ എന്റെ സിനിമാകഥപറച്ചിലിനോന്നും അവൾ ശ്രോതാവാകാറേയില്ല.

ഒരു ദിവസം ഒരു സാറില്ലാ പീരീയ്ഡിൽ,കണ്ടസിനിമകളുടെ ഒക്കെ സ്റ്റോക്ക് തീർന്നതുകോണ്ടാവണം അന്നത്തെ ചർച്ച വെറെ എന്തിനെക്കുറ്രിച്ചോക്കെയോ ആയിരുന്നു.അന്ന് സുഹ്ദാ ബീവിയും ഞങ്ങളൊടോപ്പം കൂടി.എന്തൊക്കെയോ പറഞ്ഞിരിക്കെ ആരോ ഒരാൾ ചോദിച്ചു എനിക്ക് ലയിനുണ്ടോന്ന്.ഞാൻ ഊണ്ടന്നങ്ങു തട്ടി.ഉടൻ അറിയാണം ആളാരാണെന്ന്?ഞാൻ പറഞ്ഞു ഒരു അശ്വതി. അപ്പോ തോന്നിയ ഒരു പേരങ്ങ് പറഞ്ഞതാണ്.ഉടൻ വന്നൂ അടുത്ത ചോദ്യം വൺ വേ യാണോ? ടൂ വേ യാണോ? ഒരു സംശയവും കൂടാതെ ഞാൻ പറഞ്ഞു ടൂ വേ എന്ന്. ഉടനെ ബെല്ലടിച്ചു, പിരീയ്ഡ് തീർന്നു.കൂടുതൽ ചോദ്യം ചെയ്യലിൽ നിന്ന് ഞാൻ രക്ഷപെട്ടു.

പിറ്റെ ദിവസം ക്ലാസ്സിൽ ഇന്റർവൽ സമയത്ത് സുഹ്ദ ബീവി വന്ന് എന്നോടു ചോദിച്ചു ‘നീ ആത്മാർത്ഥമായിട്ടാണൊ? ന്ന്.ഇന്നലെ പറ്രഞ്ഞ അശ്വതിയോടുള്ള ഇഷ്ടം മാണ് പുള്ളിക്കാരി ചോദിക്കുന്നത്,ഞാനാദ്യം ഒന്ന് പരുങ്ങിപ്പോയി.പിന്നെ പെട്ടന്ന് രണ്ടുപേർക്കും ഒരിക്കലും പിരിയാൻ പറ്റാത്തത്ര ഇഷ്ടമാണെന്നങ്ങു കാച്ചി.ഉടനെ അവൾക്ക് ഡീറ്റയിത്സ് അറിയണം.എവിടെ ഉള്ളതാണ്? എങ്ങിനെ കണ്ടുമുട്ടി? എന്താണ് ഭാവി പരിപാടി എന്നോക്കെ,

സുഹദാ വെറേ ആരൊടും പറയരുത്.
അള്ളാഹൂനാണ ഞാൻ വേറാരുടെം പറയൂല്ല.

സുഹ്ദ വേറെ ആരോടും പറയില്ല എന്ന് ബോധ്യമുള്ളതിനാൽ ആയിടെ കണ്ട ഒരു മുകേഷ് സിനിമയുടെ പശ്ചാത്തലം എന്റെതാക്കി ഞാനങ്ങു പറയാൻ തുടങ്ങി.

ആത്മാർത്ഥമായ ഇഷ്ടമോക്കെ തന്നെയാണ് രണ്ടുപേർക്കും.പക്ഷെ പ്രശനമാണ് സുഹദാ പ്രശനം,(മുകേഷ് സ്റ്റൈലിൽ )രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നം.പക,കുടിപ്പക.രണ്ടും പണ്ട് ഒരു കുടുംബം ആയിരുന്നു. ഒരു സ്വത്തുതർക്കം,അതോടെ രണ്ടും രണ്ടായി പിരിഞ്ഞു.ശരിക്കും അവളെന്റെ മുറപ്പെണ്ണാണ്,എന്റെ അമ്മാവന്റെ മകൾ ഹും..... മുറപ്പെണ്ണിനെം ചോദിച്ചങ്ങോട്ടു ചെന്നാൽ മതി വെട്ടി അരിയും അവളുടെ കൂടുംബക്കാർ.സുഹദക്കുട്ടി കണ്ണൂം തള്ളി അള്ളാഹൂ ന്നു വിളിച്ചു നിൽക്കുകയാണ്.ഏറ്റു.

പിന്നീടുള്ള ദിവസങ്ങൾലിൽ പറഞ്ഞ നുണകൾക്കു ഉപോൽബലകമായി ഞാൻ കൂടുതൽ കൂടുതൽ നുണകൾ പറഞ്ഞുകോണ്ടേയിരുന്നു.ഇടക്കിടെ എനിക്കു തന്നെ തോന്നിപോയി,ഇങ്ങനെ ഒരു അശ്വതിയും ഒരു പ്രണയവും പ്രതികാര ദാഹികളായ കുറെ കുടുംബക്കാരും ഒക്കെ എനിക്കു ചുറ്റും ഉണ്ടെന്ന്.

സെക്കന്റിയറായപ്പോഴും കഥ തുടർന്നുകോണ്ട്റ്റിരുന്നു. ഉചിതമായ അപ്പ്ഡെറ്റുകൾ ഇടക്കിടെ നൽകാൻ ഞാൻ മറന്നില്ല.പാവം സുഹദ എല്ലാം വിശ്വസിച്ചു.എല്ലാം ശരിയാകണേ എന്ന് പ്രാര്ത്ഥിച്ചു കോണ്ടിരുന്നു.ഒരിക്കലും ഒന്നും അവൾ ക്ലാസ്സിൽ വേറെ ആരോടും പറഞ്ഞില്ല.

കുടുംബ ക്ഷെത്രത്തിലെ മുടങ്ങിക്കിടക്കുന്ന ഉൾസവം നടത്തണം പോലും ദേവപ്രശ്നത്തിൽ കണ്ടതാണ്.രണ്ടു കുടുംബക്കാരുടെം കൂടിയാ ക്ഷേത്രം.ഉൾസവം നടക്കണമെങ്കിൽ ആ കുടുംബത്തിൽ നിന്ന് ആരെങ്കിലും വാളും ചിലമ്പും കോണ്ട് തരണം. ഏത് വാള്? ഏത് ചിലമ്പ്? ആറാം തമ്പുരാൻ സിനിമ കണ്ടതിന്റെ പിറ്റെ ദിവസം അതിന്റെ ഊറ്റത്തിൽ സുഹ്ദയോടു പറഞ്ഞ അപ്ഡേഷനാണ്.

അങ്ങനെ ഇങ്ങനെ വോക്കേഷണൽ ഹയർസെക്കന്ററി കാലം കഴിഞ്ഞു. ഇതിനിടയിൽ ആത്മാർതഥ പ്രണയത്തിനും ബദ്ധശത്രുക്കളായ കുടുംബക്കാർക്കും ഇടയിൽ കിടന്ന് വിഷമിക്കുന്ന എനിക്ക് മുഴുവൻ റെക്കോർഡ് ബുക്കും സുഹ്ദ എഴുതി തന്നു.

ഹയർസെക്കന്ററി ക്ക് ശേഷം സുഹ്ദ TTC ക്ക് ചേർന്നു,ഞാൻ ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിൽ ഡിഗ്രിക്കും.അവിടെ എന്റെ ജൂനിയർ ആയി വന്ന ഒരു പെൺകുട്ടിയുമായി ഞാൻ പ്രണയത്തിലായി.പ്രണയം ആഘോഷിക്കുന്ന എന്റെ ഒരു ഫൈനൽ ഇയർ ഡിഗ്രിക്കാലത്ത്, സുഹ്ദാ ബീവി ഡിഗ്രി ഫസ്റ്റിയർ ആയി ഞങ്ങളുടെ കോളേജിൽ തന്നെ വന്നു ചേർന്നു.എന്റെ പുതിയ പ്രണയം അറിഞ്ഞദിവസം സുഹ്ദ കോളേജിടനാഴിയിൽ വച്ച് എന്നോട്ചോദിച്ചു.“നീ നിന്റെ കൂടുംബക്കാർക്കുവേണ്ടി ആ അശ്വതിയെ ചതിച്ചു അല്ലെ,ആത്മാർതഥ മായിട്ടല്ലെ അവൾ നിന്നെ സ്നെഹിച്ചത്.എന്നിട്ടും വിപിനെ എങ്ങിനെ തോന്നി നിനക്ക് അതിനെ ഉപേക്ഷിക്കാൻ!!!“.

ഞാനെന്തു പറയാനാണ്.പറഞ്ഞതോക്കെ കള്ളമാണ് എന്ന് പറഞ്ഞുനോക്കി.എവിടെ വിശ്വസിക്കാൻ,ഉടനെ ഞാൻ ഒരു പുതിയ കള്ളം പറഞ്ഞു.അശ്വതിയുടെ അമ്മ ഒരു ദിവസം എന്നെ കണ്ടിരിന്നെന്നും അവർ ഒരു ഹാർട്ട് പേഷ്യന്റാണെന്നും,ഞാൻ ആ പ്രണയത്തിൽ നിന്ന് പിന്മാറണംന്ന് അവർ പറഞ്ഞെന്നും.സുഖമില്ലാത്ത അമ്മയെ വേദനിപ്പിക്കാൻ അശ്വതിക്കും വയ്യന്നു പറഞ്ഞെന്നുമോക്കെ,പാവം സുഹ്ദാ അതും വിശ്വസിച്ചു.

പിന്നീട് ഞാൻ സുഹ്ദയെ കാണുന്നത് വർഷങ്ങൾ കഴിഞ്ഞാണ്.കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ്സിൽ വച്ച്.ഇതിനിടയിൽ അവൾ BEd ചെയ്തതും,അവളുടെ വിവാഹം കഴിഞ്ഞതും MSc ക്ക് പഠിക്കുന്നതുമായ വിവരങ്ങളൊക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു.എന്നെ കണ്ട്തും ഓടി അടുത്തു വന്നു.ആദ്യം സുഖാന്വേഷണം പിന്നെ അശ്വതി ഇപ്പോൾ എന്തു ചെയ്യുന്നു,അവളുടെ വിവാഹം കഴിഞ്ഞോ,അവളുടെ അമ്മക്ക് അസുഖം എങ്ങിനെയുണ്ട്,സുഹ്ദ ഇപ്പോഒഴും എല്ലാപേർക്കു വേണ്ടിയും പ്രാര്‍ത്ഥിക്കാറുണ്ടെന്ന്.ഞാൻ എന്തു പറയാനാണ് ഒന്നും പറയാതെ നിൽക്കാനേ എനിക്കു കഴിഞ്ഞുള്ളു.

സുഹ്ദാ എവിടെ എങ്കിലും ഇരുന്ന് നീയിതൊന്നു വായിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.പറഞ്ഞതോക്കെ നുണകളായിരുന്നു സുഹ്ദാ, മുഴുവനും നുണ കഥകളായിരുന്നൂ.

Tuesday, March 30, 2010

പുളിമരവും കിണറുംപുളിമരവും കിണറും അവക്കിടയിലൂടെ ദൂരെ ഒരു സർവ്വെകല്ലിൽ അവസാനിക്കുന്ന ഒരു അതിരും. രണ്ടും രണ്ടുപേരുടെ വസ്തുവിൽ ആണ്. ഇതിൽ കിണറാണ് ഞങ്ങളുടെത്. കിണറിനടുത്തായി അതിരിനപ്പുറത്ത് വളർന്ന് പടർന്ന് പന്തലിച്ചു നിൽക്കുകയാണ് പുളിമരം. പുളിമരം നിൽക്കുന്ന പുരയിടം ഒരു എക്സർവ്വീസ് മിലിട്ടറി അങ്കിളിന്റെതാണ്. ഞങ്ങളുടെ വീടിന് കുറച്ചകലെ ആയാണ് പുള്ളിക്കാരന്റെ താമസം.

ഞാനദ്യമായി കാക്കയെ കാണുന്നത് ആ പുളിമരത്തിൽ ആണ്. ഇത് തികച്ചും ശരിയായി കൊള്ളണമെന്നില്ല. എങ്കിലും എന്റെ ഓർമ്മയിൽ അങ്ങിനെയാണ്. പണ്ട് ബാലരമ, പൂമ്പാറ്റ, ആദിയായ സാധനങ്ങൾ വായിച്ചുതീർക്കുന്നത് ആ പുളിമരത്തിന്റെ കോമ്പിൽ കയറി യിരുന്നാണ്. പലജാതികിളികൾ ഇടക്കിടെ വിരുന്നു വരുന്ന ആ മരവും അതിന്റെ ചില്ലകളും തണലും ഒക്കെ കുട്ടിക്കാലത്ത് ഇഷ്ടമുള്ളകോണുകളിൽ ഒന്നായിരുന്നു.

കുട്ടിക്കാലത്തെ ഇഷ്ടം വളർന്നപ്പോൾ എന്തുകോണ്ടോ ആ മരത്തോട് ഇല്ലാതായി. കേവലം അയല്പക്കകാരന്റെ വസ്തുവിൽ ഉള്ള ഒരു വലിയ മരം എന്നതു മാത്രം ആയി. ഒരു വഴിതർക്കത്തെ തുടർന്ന് പുളിമരത്തിന്റെ ഉടമസ്തനായ എക്സർവ്വീസ് മിലിട്ടറി അങ്കിളിനോട് ഉണ്ടായ നീരസം, വീട്ടിലെല്ലാവർക്കും പുളിമരത്തോട് അതുവരെ ഉണ്ടായിരുന്ന സമീപനത്തിൽ നിന്ന് കാര്യമായ ഒരു മാറ്റമുണ്ടാകാൻ കാരണമായി.വഴിതർക്കം ഞങ്ങളുമായിട്ട് ആയിരുന്നില്ല. അച്ഛൻ അതിൽ മധ്യസ്ഥത വഹിക്കാൻ ചെന്നതായിരുന്നു. ന്യായം പക്ഷത്തില്ലെങ്കിലും വഴികോടുക്കാൻ തയ്യാറാകാത്ത എക്സർവ്വീസ് അങ്കിൾ അങ്ങനെ വെറുക്കപ്പെട്ടവനായി.

അപ്പോൾ മുതൽ പുളിമരത്തിന്റെ ഇല കാറ്റത്ത് തോഴിഞ്ഞ് കിണറ്റിൽ വീഴുന്നതും അത് അവിടെ കിടന്ന് അഴുകുന്നതും അങ്ങനെ കുടിക്കാനുള്ളവെള്ളം മലിന മാകുന്നതും ഞങ്ങൾ ശ്രദ്ധിച്ചുതുടങ്ങി. വലവാങ്ങി കിണർപോതിഞ്ഞാലും പുളിയില വലക്കണ്ണിക്ക് ഇടയിലൂടെ കിണറ്റിലെക്ക് വീഴുമെന്ന് മുൻകൂട്ടി ഒരു നിരീക്ഷണം നടത്തി. കടുത്ത വേനലിലും വറ്റാത്ത ഞങ്ങളുടെ കിണർ ആണ് വേനൽക്കാലത്ത് അയല്പക്കത്തുകാർക്കും ആശ്രയം. അപ്പോൾ പുളിയില വീണ് വെള്ളം മലിനപ്പെടുന്നത് ഞങ്ങളുടെ മാത്രമല്ല, നാട്ടുകാരുടെ ആകെ പ്രശ്നമാണ് എന്നരീതിയിൽ ഞങ്ങൾ ഉയർത്തിക്കോണ്ടുവന്നു.

ആദ്യപടിയായി പ്രശ്നം മരത്തിന്റെ ഉടമസ്തനെ അറിയിച്ചു. ഞങ്ങളുടെ പുരയിടത്തിലേക്ക്, കിണറ്റിന് മുക്കളിലേക്ക് വളർന്നുനിൽക്കുന്ന കൊമ്പുകൾ മുറിച്ചു മാറ്റിത്തരണം എന്നതാണ് ആവശ്യം. പൂത്തുതുടങ്ങിയ കൊമ്പുകൾ തൽകാലം മുറിക്കാൻ പറ്റില്ലെന്നായി എക്സർവ്വീസ് അങ്കിൾ. അടുത്തപടി പഞ്ചായത്താഫീസിൽ പരാതി കോടുക്കുക എന്നതായിരുന്നു. കൂടിക്കുവാനുള്ള വെള്ളം മലിനപ്പെടുന്നതും തുടർന്നുണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങളും ഹൈലൈറ്റ് ചെയ്യിച്ച് പരാതി തയ്യാറാക്കി പഞ്ചയത്ത് ആഫീസിൽ കോടുത്തു. പക്ഷെ വർഗ്ഗശത്രുക്കൾക്ക് ഭൂരിപക്ഷം ഉണ്ടായിരുന്ന പഞ്ചായത്ത് കമ്മിറ്റി എടുത്തതീരുമാനം ഞങ്ങൾക്ക് എതിരായി.വൈരുദ്ധ്യധിഷ്ടിത ഭൌതികവാദികളുടെ ബ്രാഞ്ച് സെക്രട്ടറിആയിരുന്ന അച്ഛൻ ബ്രഞ്ച് കമ്മിറ്റിയിലും ഉപരികമ്മിറ്റികളിലും ഞങ്ങളുടെ പുളിമര-കുടിവെള്ള പ്രശ്നം അവതരിപ്പിച്ചു.

പ്രശ്നങ്ങൾ ഇങ്ങനെ പുകയുമ്പോൾ പുളിമരത്തെ തട്ടാനുള്ള ഒരു മാസ്റ്റർപ്ലാൻ മുതിർന്നവരുടെ മൌനാനുവാദത്തോടെ ഞാൻ തയ്യാറാക്കി.എല്ലാം വളരെ ശാസ്ത്രീയമായിട്ടായിരുന്നു. വേര് മണ്ണിൽനിന്നും വലിച്ചെടുക്കുന്ന ജലവും ലവണവും സൂര്യപ്രകാശത്തിന്റെ സാനിധ്യത്തിൽ ഇലകളിൽ വച്ച് സസ്യത്തിന്റെ ആഹാരമായി മാറുന്നു. ക്സൈലവും ഫ്ലോയവും കാണാതെ പഠിച്ചത് ഓർത്തെടുത്തു. ജലവും ലവണവും ഇലകളിലെക്ക് എത്തുന്നതിനിടയിൽ അതിൽ വിഷം കലർത്തുക. മരത്തെ കോല്ലാൻ പറ്റുന്ന വിഷം വേണം. ഒരു തെർമോമീറ്റർ സംഘടിപ്പിക്കുച്ചു. അതു പോട്ടിച്ചു അതിലെ മെർക്കുറി എടുത്തു. വലിയോരു ആണികോണ്ട് മരത്തിന്റെ കാതലിലേക്ക് ഒരു വലിയ ദ്വാരം ഉണ്ടാക്കി അതിലെക്ക് മെർക്കുറി ഒഴിച്ചു.വളരെ സൈലന്റായ കില്ലിംങ്ങാണ്.

ഇനി ഓരോ ഇലകളായി വാടും, കരിയും, അങ്ങനെ ദിവസങ്ങൾക്കുള്ളിൽ മരം പടും.ഇലകൾ വാടി, ചില്ലകൾ കരിഞ്ഞു, മരം പട്ടു. ആർക്കും ഒരു സംശയവും ഉണ്ടായില്ല. പട്ട് അപകടാവസ്ഥയിലായ മരം ഉടനടി മുറിച്ചു മാറ്റണം എന്ന് ആവശ്യപ്പെട്ട് മരത്തിന്റെ ഉടമസ്തന് അപേക്ഷനൽകി. പട്ടു പോയ ആ വലിയ മരം ദിവസങ്ങൾക്കുള്ളിൽ മുറിച്ചു മാറ്റി.

ഞങ്ങൾ കിണർ ഇറച്ചു വ്രത്തിയാക്കി. ഇനി ഒരിക്കലും പുളിയില വീണ് കണറ്റിലെ വെള്ളം മലിനമാകില്ല.പക്ഷേ പിറ്റെ ദിവസം കിണർ ഇടിഞ്ഞു താഴ്ന്ന് അപ്രത്യക്ഷമായി. ചില പുതിയ പ്രകൃതി പ്രതിഭാസങ്ങൾ