
ഇടവഴിയും വയലും തോടും കുളവും ഒക്കെ കടന്നാണ് സ്കൂളിലേക്കുള്ള യാത്ര. ഓരോരോ ചെറിയ ചെറിയ സംഘങ്ങളായി. ഇതിൽ ഏറ്റവും വാലുകുരുത്ത സംഘം ഞങ്ങളുടെതായിരുന്നു.
എട്ടാം ക്ലാസ്സുകാരി പാർവ്വതിയാണ് അതുവഴി സ്കൂളിൽ പോകുന്ന കുട്ടികളിൽ വച്ച് ഏറ്റവും സുന്ദരി, ഇടവഴി തീരുന്നിടത്ത്,വയലിന്റെ കരയിലെ വലിയ പടിക്കെട്ടൂള്ള വീട്ടിലെ കുട്ടിയാണ്. കഥകളി എന്നാണ് അവളുടെ ഇരട്ടപേര്. എന്നും വാലിട്ട് കരി എഴുതി വരുന്നതുകോണ്ട് കിട്ടിയ പേരാണ്. ഞങ്ങളുടെ സംഘത്തിലെ മുഴുവൻ പേർക്കും അവളിൽ ഒരു കണ്ണുണ്ടായിരുന്നു, അതുകോണ്ടുതന്നെ ഞങ്ങളുടെ പരാക്രമങ്ങൾ മിക്കപ്പോഴും അവളുടെയും കൂട്ടുകാരുടെയും നേരെ ആയിരുന്നു.
ആർക്കും മുന്നേ കയറി പോകാൻ പറ്റാത്ത വിധം ഞങ്ങൾ വരമ്പു മുഴുവൻ ഏറ്റെടുത്ത്, പതിയെ നടക്കും. മുന്നെ കയറി പോകാൻ ശ്രമിക്കുന്നവരെ വയലിലേക്ക് തള്ളിയിടും, ബാഗിൽ പിടിച്ച് വലിക്കും , ദേഹത്ത് വെള്ളം തട്ടി തെറിപ്പിക്കും, ഇങ്ങനെയോക്കെ ശല്യം ചെയ്തുകോണ്ടേയിരിക്കും.ഇത്യാദി വേലത്തരങ്ങളുടെ എല്ലാം ലീഡർഷിപ്പ് ഞൻ സ്വയം ഏറ്റെടുത്തിരുന്നു.
അബലകളായ നാരീജനങ്ങളോടുള്ള അക്രമങ്ങൾക്കെതിരെ ഒരിക്കൽ ഒരുത്തൻ ചോദിക്കാൻ വന്നു.പത്താം ക്ലാസ്സുകാരനായ ഒരു ബലിഷ്ടകായൻ. പാർവ്വതിയുടെയും കൂട്ടുകാരുടെയും മുന്നിൽ ഒന്നു ഷൈൻ ചെയ്യുകയായിരുന്നു അവന്റെ ലക്ഷ്യം.ഞങ്ങൾ ഒൻപതാൽ ക്ലാസ്സുകരെല്ലാം ചേർന്ന് അവനെ വയലിൽ തള്ളിയിട്ട് ഇടിച്ചു.പാർവ്വതിയെ വീഴ്ത്താൻ നോക്കുന്ന ഒരു പൊതുശത്രുവിനെ ഞങ്ങൾ ഒരുമിച്ച് നേരിടുകയായിരുന്നു.ഞങ്ങളുടെ സംഘാങ്ങളല്ലാതെ പുറത്തുനിന്നു ഒരുത്തൻ അവളെ വീഴ്ത്തരുത് എന്നോരു പോതുമിനിമം പരിപാടി ഞങ്ങൾക്കിടയിലുണ്ടായിരുന്നു.
ഒരുദിവസം പാലത്തിന്റെ കൈവരിനിറയെ ഏവനോ ‘കതകളി‘ ‘കതകളി‘ എന്ന് ചോക്കുകോണ്ട് എഴുതിവച്ചിരിക്കുന്നു.അതുകണ്ടതും പാർവ്വതിക്ക് കരച്ചിൽ പോട്ടി, കരഞ്ഞുംകോണ്ട് ടൂട്ടോറിയില് വന്നു. പ്രിൻസിപ്പളിന്റെ മുന്നിൽ പരാതിയുടെ ഒരു നെടുനീളൻ ലിസ്റ്റ് നിരത്തി. അവളുടെ വീടുമുതൽ സ്ക്കൂളുവരെ ഞങ്ങൾ അവളോടും കൂട്ടുകാരികളോടും കാണിക്കുന്ന ക്രൂരതകൾ, ഒടുക്കം ഞാണ് പാലത്തിൽ ഇരട്ടപേര് എഴുതിവച്ചതെന്നുകൂടി.അന്ന് ടൂട്ടോറിയുടെ ഓഫീസ് റൂമിന്റെ മുന്നിൽ വച്ച് എല്ലാരും കാണെ ചൂരലുകോണ്ട് ചന്തിക്കിട്ടു അഞ്ച് അടി കിട്ടി.എന്റെ കൂടെ ഉള്ളവന്മാർക്ക് ഒരൊന്നുവീതവും.
അന്നു വൈകിട്ട് സ്കൂൾവിട്ട് വരുമ്പോൾതന്നെ,ഇരട്ടപ്പേര് എഴുതിയവനെ പിടിക്കൂടി അവളുടെ മുന്നിൽ കോണ്ടിട്ടു. ചെയ്യാത്തകുറ്റത്തിന് അടിവാങ്ങിച്ചുതന്നതിലുള്ള കുറ്റബോധം അവളിൽ സെന്റിമെൻസായി അതുപിന്നെ പ്രണയമായി വളരുമെന്ന് ഞാൻ പ്രതീക്ഷിച്ചു,എന്നാൽ എന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി എനിക്ക് അടിവാങ്ങിത്തന്നവൾ എന്ന ഗമയിലായിരുന്നു പിന്നീടുള്ള അവളുടെ നടപ്പ്.പ്രതികാരം ചെയ്യാൻ പറ്റിയ ഒരവസരത്തിനായുള്ള കാത്തിരിപ്പായിരുന്നു എന്നെ സംബന്ധിച്ചടത്തോളം പിന്നീടങ്ങോട്ട്.
നല്ല മഴപെയ്ത് തോർന്ന ഒരു ദിവസം, സ്കൂൾ വിട്ടുവരുന്ന വഴി,വരമ്പോന്നും കാണാൻ പറ്റാത്തത്ര വെള്ളം കയറിക്കിടക്കുകയാണ്. ചാടവുന്ന ചാലുകളിലോക്കെ ചാടി നനയാൻ പറ്റാവുന്നത്രയും നനഞ്ഞ് വരികയാണ് ഞങ്ങൾ.നോക്കുമ്പോഴുണ്ട് പാർവ്വതി വരമ്പിൽ നിന്നു കരയുന്നു.അവളുടെ കൂട്ടുകാരികൾ വയലിൽ എന്തോ തപ്പുന്നു.സംഗതി പാർവ്വതിയുടെ ഒരു ചെരിപ്പ് ചെളിയിൽ പുതഞ്ഞുപോയി. പിന്നെ ഒട്ടും അമാന്തിച്ചില്ല, ഞങ്ങളെല്ലാം ചെളിയിലെക്ക് ചാടി ചെരിപ്പ് തപ്പാൻ തുടങ്ങി,എന്റെ കയ്യിൽ ചെരിപ്പ് തടഞ്ഞു,ഞാൻ അതു ഉയർത്തികാണിച്ചിട്ട് അതും കോണ്ട് ഓരോറ്റഓട്ടം.പാർവ്വതിയടക്കം എല്ലാപേരും വരമ്പേ പുറകേയോടി.പാലത്തിലെത്തിയപ്പോൾ ഞാൻ നിന്നു.
“ചെറുക്കാ എന്റെ ചെരിപ്പിങ്ങു താ” പാർവ്വതി നിന്നു ചിണുങ്ങുകയാണ്.ഞാൻ ചെരിപ്പു തോട്ടിലേക്കെറിയുമെന്നു പറഞ്ഞു, “എറിയണ്ടങ്കി പറ ഞാൻ കഥകളി ഞാൻ കഥകളി ഞാൻ കഥകളി എന്ന് ഇരുപത് വട്ടം“.പാർവ്വതി കരഞ്ഞുനോക്കി ഞാൻ വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഒടുക്കം വേറെ രക്ഷയില്ലാന്നുകണ്ടപ്പോൾ എല്ലാരുടെം മുന്നിൽ വച്ച് പാർവ്വതി കരഞ്ഞുകോണ്ട് തലകുനിച്ച് പറഞ്ഞുതുടങ്ങി,
ഞാൻ കഥകളി, ഞാൻ കഥകളി, ഞാൻ കഥകളി.
അഞ്ചുവട്ടമായപ്പോൾ ഞാൻ ഗൌരവത്തിൽ പറഞ്ഞു, “ഉം മതി,കോണ്ടുപോയ്കോ“ ചെരിപ്പ് എറിഞ്ഞുകോടുത്തു.എല്ലാരുടെയും മുന്നിൽ വച്ച് അവളെമുട്ടുകുത്തിച്ചതിന്റെ ഒരു സുഖം ഞാൻ അനുഭവിച്ചു.
ഞാൻ ചെയ്തതു തീരെ ശരിയായില്ല,ഇങ്ങനെയോക്കെ കാണിക്കാൻ പാടുണ്ടോ എന്നെല്ലാം പറഞ്ഞ് എന്റെ തന്നെ കൂടെ യുള്ളവൻമാർ അവളുടെ മുന്നിൽ സ്കോർ ചെയ്യാൻ നോക്കി.ഞാനാകട്ടെ നിലവിൽ അവളുടെ മേൽ കിട്ടിയിരിക്കുന്ന ആധിപത്യം വീണ്ടും അടികിട്ടി കളഞ്ഞുകുളിക്കണ്ടന്നു കരുതി അവളോട് പുതിയ വേലത്തരങ്ങൾക്കോന്നും പോയില്ല.
ഇനി പറയാൻ പോകുന്ന കാര്യം ഇതുവരെയും ഞങ്ങൾ ചിലർക്കിടയിൽ രഹസ്യമായിരുന്നതാണ്.
ഒൻപതാം ക്ലാസ്സിലെ ഓണപ്പരീക്ഷ കഴിഞ്ഞതോടെ ടൂട്ടോറിയലിൽ പോക്ക് ഞങ്ങളുടെ സംഘം അങ്ങുമതിയാക്കി.വീട്ടുകാരറിയാതെ സ്വയം എടുത്തതീരുമാനം,രാവിലെ ടൂട്ടോറിയുടെ സമയത്ത് സ്കൂളിന്റെ പിന്നിലെ നോട്ടോറിയൽ മൂലകളിൽ പോയി തീപ്പട്ടിപടം കളിക്കുകയാണ് ഞങ്ങളുടെ പരിപാടി.വൈകിട്ടും ടൂട്ടോറിയലിൽ ക്ലാസ്സുണ്ട്, ഏതെങ്കിലും ആറ്റിലോ കുളത്തിലോ നിരങ്ങി ആ സമയവും കഴിഞ്ഞിട്ടെ വീട്ടിലെത്താറുള്ളു.
അങ്ങിനെയുള്ളോരു വൈകുന്നേരം,ഞങ്ങളുടെ കൂട്ടത്തിലുള്ള തന്നെ ഒരുത്തന്റെ വാഴത്തോപ്പിൽ നിന്നു ചെറിയോരു വാഴക്കുല അവന്റെ കൂടി സാന്നിദ്ധ്യത്തിൽ ഞങ്ങൾ മോഷ്ടിച്ചു.അതു പാകമാകാനായി പാർവ്വതിയുടെ വീടിനു മുകളിലുള്ള ആൾതാമസമില്ലാത്ത ഒരു വീട്ടിന്റെ പുറകിൽ വാഴത്തോലു കോണ്ട് പോതിഞ്ഞു കുഴിച്ചിട്ടു.
ഞങ്ങൾ വിചാരിച്ചപോലെ അത്ര ചെറിയ സംഭവം ആയിരുന്നില്ല അത്.വല്യ പ്രശ്നങ്ങളായി.ആരോ വാഴക്കുല മോഷ്ടിച്ചെന്ന് നാട്ടിൽ മുഴുവൻ അറിഞ്ഞു.ആരാണെന്നു മാത്രം ആർക്കും ഒരു പിടിയുമില്ല.അക്കരെ കോളനിയിലുള്ള ചിലർ വാഴക്കുല മോഷ്ടിച്ചുകോണ്ട് പോകുന്നത് കണ്ടവരുണ്ട് പോലു!!!,നാലു ദിവസം കഴിഞ്ഞ് ആരും കാണില്ല എന്ന് ഉറപ്പു വരുത്തി ഞങ്ങൾ പോയി കുഴി മാന്തിനോക്കി.അവിടെത്തന്നെ ഒളിച്ചിരുന്ന് പങ്കുവച്ചു തിന്നുന്നതിനിടയിൽ അപ്രതീക്ഷിതമായി പാർവ്വതി കയറിവന്നു,ഒരു ആടിനെയും പിടിച്ചുകോണ്ട്, തീർന്നു.ഞങ്ങൾ നാലുപാടും ചിതറിയോടി.പാർവ്വതി എല്ലാവരോടും പറയും അങ്ങനെ എല്ലാവരും അറിയും,നാളെ സ്കൂളിൽ പോകുന്ന വഴി ഞങ്ങളെ പിടിച്ചു കെട്ടിയിടും,ഇങ്ങനെയെല്ലാം പേടിച്ചു ഞാനിരുന്നു.
എന്നാൽ പിറ്റെന്ന് ഒന്നും ഉണ്ടായില്ല.അവൾ ആരോടും പറഞ്ഞില്ല.പക്ഷേ എന്നോടുമാത്രം പറഞ്ഞു ഇനിയും ടൂട്ടൊറിയിൽ കയറാതെ നടന്നാൽ എല്ലാം എല്ലാരോടും പറയുമെന്ന്!!
അതോടെ ഞാൻ മരിയാദിരാമനായി. എന്റെ കൂടെ ഉള്ളവൻമാർ ടൂട്ടോറിയിൽ കയറാതെ തീപ്പെട്ടിപടം കളിക്കാൻ പോയപ്പോൾ ഞാൻ കൂടെ പോയില്ല.ആ സംഘത്തിലണ്ടായിരുന്ന എന്റെ അപ്രഖ്യാപിത ലീഡർഷിപ്പും അതൊടെ തീർന്നു.
സ്കൂളും ടൂട്ടോറിയും ഇല്ലാത്ത ഒരു ദിവസം, സ്പെഷ്യൽ ക്ലാസ്സുണ്ടെന്ന് കള്ളം പറഞ്ഞ് ഞാനോരു ബുക്കുമെടുത്തു വീട്ടിൽ നിന്നിറങ്ങി.. സൈക്കിൾ ഓടിച്ചു പഠിക്കാൻ ഇറങ്ങിയതാണ്.ഒരുത്തൻ കൂടെയുണ്ട്. സൈക്കിൾ അവന്റെയാണ്. പാർവ്വതിയുടെ വീടിന് അടുത്തുള്ള ഇടവഴിയിലാണ് പഠിത്തം.ആ വഴി ഒരു കുത്തിറക്കമാണ്,ഇറക്കം ഇറങ്ങിചെന്നാൽ വയലിലെത്തും.ഇറങ്ങുകയായിരുന്നില്ല, പറക്കുകയായിരുന്നു നാലുകരണം മറിഞ്ഞു ഞാനും സൈക്കിളും കൂടി വയലിൽ വീണു,പുറകിലത്തെ ബ്രേക്ക് പോട്ടി പോയി,മുന്നിലെ ബ്രേക്ക് പിടിച്ചാൽ കരണം മറിയുമെന്ന് അവൻ പറഞ്ഞുതന്നിട്ടില്ലായിരുന്നു. ശബ്ദം കേട്ട് പാർവ്വതിയും അവളുടെ അമ്മയും ഒക്കെ ഓടി ഇറങ്ങിവന്നു.അവരുടെ വീട്ടിൽ പോയാണ് ദേഹത്തെ ചെളിമുഴുവൻ കഴുകികളഞ്ഞത്. അവളൂടെ അമ്മ മുറിവിൽ നീറ്റലുള്ള ഒരു മരുന്നു പുരട്ടി തന്നു,സൈക്കിളു കണ്ടാൽ അതീന്നു വീണവൻ ജീവനോടെ ഉണ്ടെന്നു ആരും പറയില്ല,ആ പരുവമായി,ആകെ ചമ്മലായി.
പിറ്റെന്നിന്റെ പിറ്റെന്നേ പിന്നെ സ്കൂളിൽ പോയുള്ളു,ഇടവഴി ഇറങ്ങിവന്നപ്പോൾ പടിക്കെട്ടിൽ പാർവ്വതി അവളുടെ കൂട്ടുകാരികളെ കാത്തുനിൽക്കുന്നു,എന്നെ കണ്ടതും ബാഗിൽ നിന്ന് ഒരു നോട്ട് ബുക്കെടുത്തു നീട്ടി, സൈക്കിളിൽ നിന്നുവീണതിന്റന്ന് അവിടെ കിടന്നു കിട്ടിയതാണത്രെ,ബുക്ക് എന്റെതന്നെയാ പക്ഷെ എണ്ണമയമുള്ള നല്ല ബയന്റിങ്ങ് പേപ്പറു വച്ച് നന്നായി ബയന്റിട്ടിരിക്കുന്നു.
ഒത്തിരികാലം ഞാൻ ആ നോട്ട് ബുക്ക് ബയന്റിളകാതെ സൂക്ഷിച്ചുവച്ചിരുന്നു.
സ്കൂൾ അടച്ചു തുറന്നപ്പോഴേക്കും പടിക്കെട്ടിനു മുകളിലെ വീട്ടിൽ പുതിയ താമസക്കാർ വന്നു. പാർവ്വതിയും വീട്ടുകാരും വീടുമാറി പോയി.അവൾ ആറ്റിങ്ങലിലെ ഏതൊ സ്കൂളിൽ ചേർന്നെന്നു ഞാൻ അറിഞ്ഞു.എങ്ങിനെയെങ്കിലും ഒന്നു കാണാൻ പറ്റണേ എന്ന് അറിയാവുന്ന ദൈവങ്ങളോടൊക്കെ പ്രാര്ത്ഥിച്ച കാലം,പകരം വക്കാനില്ലാത്ത എന്തോ ഒന്ന് നഷ്ടപെട്ടുപോയതു പോലെ...
വർഷങ്ങൾക്കു ശേഷം കോളേജിൽ വച്ച് പാർവ്വതിയുടെ ഒരു പഴയ കൂട്ടുകാരിയെ കണ്ടു. അവളുടെ അച്ഛൻ നടത്തിയിരുന്ന ബിസ്സിനസ്സ് തകർന്നെന്നും അതോടെ കുടുംബം കടത്തിൽ ആയെന്നും മറ്റുമോക്കെയുള്ള തീരെ സന്തോഷകരമല്ലാത്ത വാർത്തകളാണ് അവളെ പറ്റി കേട്ടത്.
എന്തുകോണ്ടോ പാർവ്വതിയെ കാണാൻ അന്നു ശ്രമിച്ചില്ല, ഒരു പക്ഷെ പകരം മറ്റോന്നില്ല എന്ന് തോന്നിയ പലതിനും പകരങ്ങൾ ഉണ്ടായ കാലമായതുകോണ്ടാവണം.
അത്തവണത്തെ ന്യൂ ഇയറിനു കോളേജിലെ അഡ്രസ്സിൽ എനിക്കോരു ആശംസാ കാർഡുവന്നു, പുതുവത്സരാശംസകളുടെ ചുവടെ “ഞാൻ കഥകളി“ എന്നെഴുതിയിരുന്നു.
ഒരിക്കൽ നാട്ടിൽ അവധിക്കു പോയപ്പോൾ,അവളുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞെന്നും അവൾക്ക് ടീച്ചറായി ഏതോ സ്കൂളിൽ ജോലി കിട്ടിയെന്നും മറ്റുമുള്ള സന്തോഷകരമായ വിവരങ്ങൾ അവളെ പറ്റി അറിഞ്ഞു.
ഇന്നിപ്പോൾ എവിടെയായിരിക്കും പാർവ്വതി. ഒന്നന്വേഷിച്ചാൽ കണ്ടുപിടിക്കാവുന്നതേയുള്ളു. എങ്കിലും വേണ്ട,പുതിയ കാഴ്ചകളേക്കാൾ സുന്ദരം പഴയ ഓർമ്മകളിലെ ചിത്രങ്ങൾ തന്നെയാണ്..